കൊച്ചി: സിബിഐ ഉദ്യോഗസ്ഥ ചമഞ്ഞ് വ്യവസായിയില്‍നിന്നും പണം തട്ടാൻ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ വന്നതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഹൈദരാബാദിലെ വ്യവസായിയായ സാംബശിവ റാവുവില്‍നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലാണ് ലീന മരിയ പോളിനെതിരായ നടപടി. സിബിഐ കേസില്‍ പ്രതിയായിരുന്നു സാംബശിവ റാവു. സിബിഐ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ ലീന മരിയ പോള്‍, കേസില്‍നിന്ന് ഒഴിവാക്കാൻ സഹായിക്കാമെന്ന് സാംബശിവ റാവുവിന് വാഗ്ദ്ധാനം നല്‍കി. ഇതിനായി പണം ആവശ്യപ്പെടുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ പിടിയിലായ ഹൈദരാബാദ് സ്വദേശി മണിവര്‍ണ്ണൻ, മധുര സ്വദേശി സെല്‍വം രാമരാജ് എന്നിവരെ ചോദ്യം ചെയ്തപ്പോഴായിരുന്നു ലീന മരിയ പോളിന്‍റെ പങ്ക് വ്യക്തമായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോള്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നേരത്തെ ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറുകളില്‍ സിബിഐ സംഘം റെയ്‍ഡ് നടത്തിയിരുന്നു. ലീന മരിയ പോള്‍ ഒളിവിലാണെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.