തമിഴ്നാട് മധുരയ്ക്കടുത്ത് മണലൂരിൽ മദ്യക്കുപ്പികളുമായി പോയ വാൻ മറിഞ്ഞ് പത്ത് ലക്ഷം രൂപയുടെ മദ്യം നഷ്ടമായി. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാകട്ടെ പൊട്ടാത്ത മദ്യക്കുപ്പികൾ എടുത്തുകൊണ്ടുപോയി. 

മധുര: തമിഴ്നാട് മധുരയ്ക്കടുത്ത് മണലൂരിൽ മദ്യക്കുപ്പികളുമായി പോയ വാൻ മറിഞ്ഞ് പത്ത് ലക്ഷം രൂപയുടെ മദ്യം നഷ്ടമായി. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാകട്ടെ പൊട്ടാത്ത മദ്യക്കുപ്പികൾ എടുത്തുകൊണ്ടുപോയി. മദ്യം മോഷ്ടിച്ചെന്ന പേരിൽ ഇവർക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്. മധുര രാമേശ്വരം ദേശീയപാതയിൽ മണലൂരിനടുത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 

തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്‍റെ സംഭരണശാലയിൽ നിന്നും മധുരയിലെ വിൽപ്പന കേന്ദ്രങ്ങളിലേക്ക് മദ്യം കൊണ്ടുപോയ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടമായ മിനി വാൻ വിരാഗനൂർ റൗണ്ട് എബൗട്ടിന് സമീപം റോഡിലേക്ക് മറിയുകയായിരുന്നു. ലോഡിന്‍റെ മുക്കാൽപ്പങ്കും റോഡിൽ വീണ് ചിതറി. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

പൊട്ടാതെ കിടന്ന കുപ്പികളിലെ മദ്യം ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി, ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുമായി. പൊലീസെത്തി മദ്യക്കുപ്പികൾ ശേഖരിക്കാനെത്തിയവരെ വിരട്ടിയോടിച്ച ശേഷം ശേഷിച്ച മദ്യം ജോലിക്കാരെ ഉപയോഗിച്ച് നീക്കി. പത്ത് ലക്ഷം രൂപയുടെ മദ്യം നഷ്ടമായതായാണ് കണക്കാക്കുന്നത്. അപകടത്തെപ്പറ്റി ടാസ്മാക് ആഭ്യന്തര അന്വേഷണം നടത്തും. അപകടം സംബന്ധിച്ചും മദ്യം കവർന്നുകൊണ്ട് പോയതിലും സംസ്ഥാന പൊലീസും കേസെടുത്തു.

കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ കൂടുതൽ വിശദാംശങ്ങളറിയാൻ ബാലിസ്റ്റിക് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു.

തൊണ്ടയാട്ടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ കോഴിക്കോട് എ.ആർ ക്യാംപിലെ ഫയറിംഗ് വിദഗ്ധർ പരിശോധിച്ചു. വെടിയുണ്ടകൾ മോഷ്ടിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പൂനെയിലെ ആയുധ ഫാക്ടറിലും ഇംഗ്ലണ്ടിലും നിർമ്മിച്ചവയെന്ന് കണ്ടെത്തിയങ്കിലും ഇവയുടെ കാലപ്പഴക്കം, വിതരണം ചെയ്തയിടങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താനാണ് ബാലിസ്റ്റിക് പരിശോധന .ഇതിനായി വെടിയുണ്ടകൾ തിരുവനന്തപുരത്തേക്കയക്കും.

ലൈസൻസുളള വ്യക്തികൾക്ക് ഇവ വാങ്ങാമെങ്കിലും ഇത്രയധികം എങ്ങിനെയെത്തിയെന്നതാണ് ദുരൂഹതയുയർത്തുന്നത്. വെടിയുണ്ടകൾ കണ്ടെത്തിയയിടം ജനവാസകേന്ദ്രമായതിനാൽ പരിശീലനം നടത്താന്‍ സാധ്യമല്ലെന്നാണ് ജില്ല ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. വെടിയുണ്ടകൾ കണ്ടെത്തിയ പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു. സംഭവത്തിന് പുറകിൽ തീവ്രവാദ ബന്ധമുളളവരുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യുപ്പെട്ടു. 

പൊലീസുകാരുടെ കൈവശമുളള റൈഫിളുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന 0.22 ഇനത്തിൽപ്പെട്ട 266 വെടിയുണ്ടകളാണ് തൊണ്ടയാട്ടെ പറമ്പിൽ നിന്ന് കണ്ടെടുത്തത്. പരിശീലനത്തിനുപയോഗിക്കുന്ന ടാർഗറ്റും കണ്ടെത്തിയിരുന്നു. സമീപത്തെങ്ങും ഫയറിംഗ് പരിശീലനത്തിനുളള കേന്ദ്രമില്ലെന്നിരിക്കെ, ഇത്രയും വെടിയുണ്ടകൾ കണ്ടെത്തിയത് ദുരൂഹമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.