കൊല്ലം: ലോട്ടറികളില്‍ നമ്പര്‍ തിരുത്തി സമ്മാനം തട്ടുന്നത് കൊല്ലത്ത് നിത്യ സംഭവമാകുന്നു. വഴിയോര കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരാണ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറെയും. കൊല്ലം പരവൂരില്‍ ലോട്ടറി വില്‍ക്കുന്ന വയോധികനില്‍ നിന്ന് കഴിഞ്ഞ ദിവസം പതിനായിരം രൂപ തട്ടിയെടുത്തയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.

കൊല്ലം പരവൂര്‍ നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഇസ്മയില്‍. സഹകരണ ബാങ്ക് ജീവനക്കാരന്‍ എന്നു പരിചയപ്പെടുത്തി മാന്യമായ വസ്ത്രം ധരിച്ച് ഇരുചക്ര വാഹനത്തില്‍ എത്തിയ ആളാണ് ഈ വയോധികനില്‍ നിന്ന് കഴിഞ്ഞ ദിവസം പതിനായിരം രൂപ തട്ടിയെടുത്തത്. സമ്മാനമടിക്കാത്ത ടിക്കറ്റിന്‍റെ നമ്പര്‍ തിരുത്തിയായിരുന്നു തട്ടിപ്പ്. പതിനായിരം രൂപ സമ്മാനമടിച്ച ടിക്കറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് 3000 രൂപയുടെ ടിക്കറ്റും, 7000 രൂപയും വാങ്ങിക്കൊണ്ട് പോയി.

സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണ് തട്ടിപ്പുകാരന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയത്. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ നമ്പര്‍ പൊലീസിന് കിട്ടി. അഞ്ചല്‍, കൊട്ടാരക്കര മേഖലകളിലും കഴിഞ്ഞ രണ്ടു മാസത്തിനിടെ സമാനമായ തട്ടിപ്പുകള്‍ ആവര്‍ത്തിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.