കളിയിക്കാവിള: സംസ്ഥാന അതിര്‍ത്തിയിലെ ലോട്ടറി വില്‍പ്പനക്കാരെ തമിഴ്നാട് പൊലീസ് മര്‍ദ്ദിച്ചതായി പരാതി.തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലാണ് മലയാളികൾക്ക് നേരെ അക്രമം നടന്നത്.

കഴിഞ്ഞ ദിവസമാണ്  എസ് ഐ മോഹന അയ്യരും സംഘവും അതിര്‍ത്തിയിലെ ലോട്ടറി വില്‍പ്പനക്കാരെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംസ്ഥാന സര്‍ക്കാരിന്‍റെ ലൈസന്‍സോടെ കച്ചവടം നടത്തുന്നവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കടകള്‍ അടിച്ച് തകര്‍ക്കുകയും ലോട്ടറി വാങ്ങാനെത്തിയ ഉപഭോക്താവിനെ മര്‍ദ്ദിച്ചുവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. സ്ഥാപനത്തിലെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും കട ബലം പ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തെന്നും പരാതിയുണ്ട്. മര്‍ദ്ദനമേറ്റ ആറയൂർ സ്വദേശി ഫിബു പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തമിഴ്നാട്ടിൽ ലോട്ടറി  നിരോധിച്ചതുകൊണ്ട് അതിർത്തിയില്‍ ലോട്ടറി വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്നാണ് കളിയിക്കാവിള എസ് ഐ  മോഹന അയ്യരുടെ വാദം. തമിഴ്നാട് പോലീസിനെതിരെ കച്ചവടക്കാര്‍ പാറശാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു.