തിരുവനന്തപുരം: പ്രണയ വിവാഹത്തിൻ്റെ പേരിൽ തിരുവനന്തപുരം വട്ടപ്പാറയിൽ സംഘർഷം. പെൺകുട്ടിയുടെ ബന്ധുക്കളടങ്ങുന്ന സംഘം ഭർത്താവിന്റെ ജ്യേഷ്ഠനെ കടയിൽ കയറി മർദ്ദിച്ചു. വട്ടപ്പാറയിൽ ഫർണിച്ചർ കട നടത്തുന്ന റിജുവിനാണ് മർദ്ദനമേറ്റത്. ഒരു സംഘം ആളുകൾ ചേർന്ന് റിജുവിനെ പട്ടികയും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 

ഈ മാസം 14നായിരുന്നു റിജുവിന്‍റെ അനിയൻ റിജോയുടെ പ്രണയ വിവാഹം. ഇതിൽ എതിർപ്പുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കളാണ് റിജുവിനെ ആക്രമിച്ചത്. കണ്ടാലറിയുന്ന 4 പേർക്കെതിരെ റിജു വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.