മുംബൈ: നാലര വയസ്സുകാരനായ മകനെ വീട്ടുവേലക്കാരി പീഡിപ്പിച്ച സംഭവം ഗൗനിക്കാതെ വേലക്കാരിയെ ജോലിയില്‍ തുടരാന്‍ അനുവദിച്ച കുടുംബത്തിനെതിരെ പരാതി നല്‍കി വീട്ടമ്മ.

മുംബൈയിലെ മലബാര്‍ ഹില്‍സ്‌ വീട്ടിലാണ്‌ സംഭവം നടന്നത്‌. അഭിഭാഷകയായ യുവതി തന്റെ മകന്റെ ശരീരത്തില്‍ വീട്ടിലെ ജോലിക്കാരി സഭ്യമല്ലാത്ത രീതിയില്‍ സ്‌പര്‍ശിക്കുന്നത്‌ കണ്ടു. സംശയം തോന്നിയ യുവതി വേലക്കാരിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ കുട്ടി ലൈംഗിക ചൂഷണത്തിന്‌ വിധേയനാകുന്നതായി ഇവര്‍ മനസ്സിലാക്കി. ഇതേക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ സംഭവിച്ചതെല്ലാം കുട്ടി യുവതിയോട് പറഞ്ഞു.

തുടര്‍ന്ന്‌ മകനെ വീട്ടിലെ ജോലിക്കാരി ലൈംഗികമായി പീഡിപ്പിക്കുന്നതായി യുവതി ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടും പരാതിപ്പെട്ടു. എന്നാല്‍ ഇവരുടെ വാക്ക്‌ വീട്ടുകാര്‍ വിശ്വസിച്ചില്ല. യുവതി കള്ളം പറയുകയാണെന്ന്‌ വീട്ടുകാര്‍ ആരോപിച്ചതോടെയാണ്‌ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്‌. പരാതി പരിഗണിച്ച പൊലീസ്‌ വീട്ടുജോലിക്കാരി, യുവതിയുടെ ഭര്‍ത്താവ്‌, മുത്തശ്ശന്‍, മുത്തശ്ശി എന്നിവര്‍ക്കെതിരെ കേസെടുത്തു.