കൊല്ലം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ.  പാലാ മുണ്ടുപാലം ഉഴുത്തുവാകുമ്മിണിയിൽ അനിൽ ജോർജാണ് പൊലീസിന്‍റെ പിടിയിലായത്. കോട്ടയം രാമപുരം സ്വദേശി വിഷ്ണുവിൽ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

എംകോം ബിരുദധാരിയായ വിഷ്ണുവിന് കാനഡയിൽ ആകർഷകമായ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 5 ലക്ഷം രൂപ നേരിട്ടും ബാക്കി തുക 103 തവണകളായി ബാങ്ക് ട്രാൻസ്ഫർ വഴിയുമാണ് അനിൽ ജോർജ് കൈപ്പറ്റിയത്. വിസ ലഭിക്കാൻ തന്‍റെ പിതാവിന്‍റെ അക്കൗണ്ടിലേക്കെന്ന വ്യാജേനയാണ്  അനിൽ പണം അയപ്പിച്ചുകൊണ്ടിരുന്നത്.

പണം ബാങ്കിൽ നിക്ഷേപിച്ചാൽ ഉടൻ തന്നെ എടിഎം കാർഡുപയോഗിച്ച് പിൻവലിക്കുകയായിരുന്നു അനിലിന്‍റെ രീതി. ലക്ഷങ്ങൾ കൈമാറിയിട്ടും ജോലിയോ വിസയോ ലഭിക്കാതെ വന്നതോടെയാണ് വിഷ്ണുവും അച്ഛനും പൊലീസിൽ പരാതിപ്പെട്ടത്. 

അന്വേഷണത്തിൽ ഏഴ് സിം കാർഡുകളും 15 എടിഎം കാർഡുകളും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നതെന്ന് കണ്ടെത്തി. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഇയാളുടെ പേരിലുള്ളതല്ലെന്നും പൊലീസ് കണ്ടത്തിയിരുന്നു.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാൾ വ്യാജ എടിഎം കാർഡുകളും സിം കാർഡുകളും തരപ്പെടുത്തിയത്. ഒരു എടിഎം കാർഡിന്‍റെ ഉടമയെ അന്വേഷിച്ചപ്പോൾ പോലീസ് എത്തിച്ചേർന്നത് ഒരു മനോരോഗിയുടെ അടുത്തായിരുന്നു. മറ്റ് എടിഎം, സിം കാർഡുകളുടെ ഉടമകളെ പോലീസ് അന്വേഷിച്ചുവരുകയാണ്.

ബംഗളുരുവിലേക്കും മറ്റും സ്ഥിരമായി വിമാനയാത്ര നടത്തിയിരുന്ന അനിലിന് വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മറ്റാരെയെങ്കിലും സമാനമായ രീതിയിൽ അനിൽ  തട്ടിപ്പിന് ഇരയായിക്കിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വിശദമായ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.