Asianet News MalayalamAsianet News Malayalam

ഗുണ്ടാസംഘവുമായി തെറ്റിപ്പിരിഞ്ഞ് കഞ്ചാവ് വില്‍പന; പൊലീസ് പോയെന്നുറപ്പിച്ച് പുറത്തിറങ്ങി പിടിയിലായി

സിഐയുടെ വാഹനം കണ്ടതിനാൽ ലിജു ആദ്യം കാറിൽനിന്ന് ഇറങ്ങിയില്ല. പോലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു പോയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ലിജു ഉമ്മൻ ആശുപത്രിയിലെത്തിയത്. 

main ganja seller in central kerala caught by brilliant planning of kerala police
Author
Mavelikkara, First Published Sep 16, 2021, 10:41 PM IST
  • Facebook
  • Twitter
  • Whatsapp

മാവേലിക്കര: മധ്യ തിരുവിതാംകൂറിലെ കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണിയായ പുന്നമൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ പിടിയിലായതിന് പിന്നില്‍ പൊലീസിന്‍റെ സമര്‍ത്ഥനീക്കം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വനിതാ സുഹൃത്തിന്റെ ഐവിഎഫ് ചികിത്സയ്ക്കെത്തിയപ്പോളാണ് ലിജു പിടിയിലായത്. തഴക്കരയിലെ വാടകവീട്ടിൽനിന്ന് 29 കിലോ കഞ്ചാവുമായി പിടികൂടിയ കായകുളം സ്വദേശിനി നിമ്മിയുടെ ഫോണിൽ നിറയെ ലിജു ഉമ്മന്റെ ചിത്രങ്ങൾ കണ്ടെത്തിയതോടെയാണ് ലിജുവിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. 

കഴിഞ്ഞ ഡിസംബറിൽ 29 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. മാവേലിക്കരയിലെ കഞ്ചാവ് കേസിൽ എട്ടരമാസത്തിന് ശേഷമാണ് ലിജു ഉമ്മൻ അറസ്റ്റിലാകുന്നത്. രണ്ടു വർഷമായി നിമ്മി ലിജുവിനൊപ്പമാണു താമസിച്ചിരുന്നതെന്നാണു പൊലീസ് പറയുന്നത്. 5 വർഷം മുൻപു വരെ കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിന്റെ തലവനായിരുന്ന ലിജു പട്ടണത്തിലെ മറ്റൊരു ഗുണ്ടാസംഘവുമായി ശത്രുത രൂപപ്പെട്ടതോടെയാണ് ക്വട്ടേഷനിൽ നിന്നു മാറി കഞ്ചാവു വിൽപനയിലേക്ക് തിരിയുന്നത്. മാവേലിക്കര, ഹരിപ്പാട്, കായംകുളം, മേഖലകളിലെ കഞ്ചാവ് വിൽപനയുടെ മുഖ്യകണ്ണി ലിജു ഉമ്മനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

2020 ഡിസംബർ 28ന് ലിജു ഉമ്മന്റെ സംഘാംഗങ്ങൾ അറസ്റ്റിലായെങ്കിലും ലിജു ഒളിവിൽ പോവുകയായിരുന്നു. മാവേലിക്കരയിൽ എസ്ഐയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലടക്കം പ്രതിയായ ലിജു ഉമ്മനെ പിടികൂടാൻ ആലപ്പുഴ എസ്പി. പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ലിജു വ്യാജ ആധാർ കാർഡ് നിർമിച്ചതിനെപ്പറ്റിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വനിതാ സുഹൃത്ത് ലിജു ഉമ്മന്റെ സഹോദരനൊപ്പമാണു കഴിഞ്ഞ ദിവസം രാവിലെ ആശുപത്രിയിലെത്തിയത്. ഇതോടെയാണ് ലിജു ആശുപത്രിയിലെത്തുമെന്ന വിവരം മാവേലിക്കര പൊലീസിൽനിന്നു ലഭിക്കുന്നത്. സിഐയുടെ വാഹനം കണ്ടതിനാൽ ലിജു ആദ്യം കാറിൽനിന്ന് ഇറങ്ങിയില്ല. പോലീസ് ജീപ്പ് ആശുപത്രി മുറ്റത്തുനിന്നു പോയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ലിജു ഉമ്മൻ ആശുപത്രിയിലെത്തിയത്. 

ആശുപത്രിയിലെ അഞ്ചാം നിലയിലെത്തിയ ലിജു ഉമ്മനെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് സംഘം പിടികൂടുകയായിരുന്നു. ലിജുവിന്റെ ദേഹപരിശോധന നടത്തിയപ്പോൾ പഴ്സിൽനിന്നു കുടശനാട് മഠത്തിൽ തറയിൽ സാബു ജോൺസൻ എന്ന വിലാസത്തിൽ ഫോട്ടോ പതിച്ച ആധാർ കാർഡ് ലഭിച്ചിരുന്നു. കൃഷ്ണപുരം സ്വദേശിയാണ് കാർഡ് നിർമിച്ചു നൽകിയതെന്നാണ് ലിജുവിന്റെ മൊഴി. കഞ്ചാവ് ലഭിച്ചതു കമ്പത്തു നിന്നാണെന്ന ലിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ലിജു ഉമ്മനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. ലിജു ഉമ്മനെ ചോദ്യം ചെയ്താൽ കമ്പത്ത് നിന്നും കഞ്ചാവെത്തിയിരുന്ന വഴികളെക്കുറിച്ച് സൂചന കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios