ബെംഗളൂരു: ബെംഗളൂരുവിൽ വാടകവീടുകൾ ലീസിനെടുക്കുന്ന മലയാളികളെ ഇരയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്. വീടിന്‍റെ രേഖകൾ ഉപയോഗിച്ച് വൻ തുക വായ്പ എടുത്ത് ഉടമകൾ മുങ്ങിയതോടെ ജപ്തി ഭീഷണിയിൽ വീടൊഴിയേണ്ട ഗതികേടിലാണ് കുടുംബങ്ങൾ.  മാസവാടക നൽകുന്നതിന് പകരം വീടുകൾ ലീസിനെടുക്കുന്ന ഏർപ്പാട് ബെംഗളൂരുവിലുണ്ട്. 

ഒരു വര്‍ഷത്തേക്കോ രണ്ടുവര്‍ഷത്തേക്കോ കരാറു പോലെ, നിശ്ചിത തുക വീട്ടുടമയ്ക്ക് നല്‍കുക വീടൊഴിയുമ്പോള്‍ പണം തിരികെ ലഭിക്കുകയും ചെയ്യും.  വാടക നൽകേണ്ടതില്ല, കയ്യിലുളള സമ്പാദ്യം നഷ്ടപ്പെടില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലരും ഈ വഴി തിരഞ്ഞെടുക്കുന്നുണ്ട്.

ഇവിടെയാണ് തട്ടിപ്പ്. പെരിന്തൽമണ്ണ സ്വദേശി അബ്ദുറഹ്മാൻ കെ ആർ പുരത്ത് ഇങ്ങനെ വീട് ലീസിനെടുത്തത് അഞ്ച് ലക്ഷം രൂപ നൽകിയാണ്. മൂന്ന് വർഷത്തേക്ക്. മുദ്രപേപ്പറിൽ കരാറൊക്കെ എഴുതി. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ല. താമസക്കാരറിയാതെ വീടിന്‍റെ രേഖകൾ ഉപയോഗിച്ച് ഉടമ വൻ തുക വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി വീടിന് മുന്നിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു. ഉടമയെക്കുറിച്ച് ഒരു വിവരവും ഇല്ല. വീടുവിട്ട് ഇറങ്ങേണ്ട അവസ്ഥയായി.

ആറ് ലക്ഷം രൂപ നൽകി മൂന്ന് വർഷത്തേക്ക് വീടെടുത്ത തിരുവനന്തപുരം സ്വദേശി ബിന്ദുവിനും സമാന അനുഭവം. മലയാളികൾ മാത്രമല്ല,മറ്റ് സംസ്ഥാനക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. പൊലീസിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. കരാർ ഉണ്ടാക്കുന്നതിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാമെന്ന് അനുഭവസ്ഥർ പറയുന്നു.