ഷിംല: 

ഹിമാചല്‍പ്രദേശില്‍ ഗര്‍ഭിണിയായ പശുവിന് തീറ്റയില്‍ പടക്കം ഒളിപ്പിച്ച് നല്‍കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉടമയുടെ അയല്‍വാസിയായ നന്ദന്‍ലാല്‍ ധിമാനാണ് അറസ്റ്റിലായത്. കൃത്യത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് സൂചന. കേരളത്തില്‍ ഗര്‍ഭിണിയായ ആന പടക്കമടങ്ങിയ തേങ്ങ തിന്ന് ചരിഞ്ഞ വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരിലുണ്ടായ സംഭവം പുറംലോകമറിഞ്ഞത്.

മേയാന്‍ വിട്ട പശു വായക്ക് പരിക്കേറ്റ് തിരിച്ചെത്തുകയായിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പശുവിന്റെ വായില്‍ സാരമായി പരിക്കേറ്റിരുന്നു. അയല്‍വാസിയാണ് കൃത്യം ചെയ്തതെന്ന് ആരോപിച്ച് പശുവിന്റെ ഉടമ ഗുല്‍ദിയാല്‍ സിംഗ് ബിലാസ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ അയല്‍വാസി ഒളിവില്‍ പോയി. ഇയാള്‍ സ്വന്തം ഗ്രാമമായ ദഹദിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ്
ചെയ്യുകയായിരുന്നു. 

വന്യമൃഗങ്ങളെ തുരത്താല്‍ ഹിമാചലില്‍ സാധാരണയായി ഉപയോഗിച്ച് വരുന്ന പടക്കമാണ് പശുവിന് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ പശു പിന്നീട് പ്രസവിച്ചു. മികച്ച ചികിത്സ ഉറപ്പ് വരുത്തിയതായും മുറിവുകള്‍ ഉണങ്ങിത്തുടങ്ങിയെന്നും ബിലാസ്പൂര്‍ പൊലീസ് അറിയിച്ചു.