ചേർത്തല: ഭക്ഷണ വിലയെ ച്ചൊല്ലിയുണ്ടായ തർക്കത്തിൽ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ക്യാന്‍റീൻ ജീവനക്കാരനെ കുത്തിക്കൊന്ന കേസിൽ പ്രതി അനിൽകുമാർ കുറ്റക്കാരനാണെന്ന് കോടതി.  പ്രതിക്കുള്ള ശിക്ഷ ഈ മാസം 22ന് വിധിക്കും.

ഒൻപത് വർഷം മുമ്പ് നടന്ന കൊലപാതകത്തിലാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.  ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിലെ ക്യാന്റീൻ ജീവനക്കാരൻ ബാബു എന്ന ഡൊമനിക്കിന്റെ കൊലയിൽ  തണ്ണീർമുക്കം പുത്തൻ വെളിയിൽ അനിൽ കുമാറിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

ദൃക് സാക്ഷികൾ അടക്കം 28 പേരയാണ് കേസിൽ വിസ്തരിച്ചത്.  2011 ഡിസംബർ 29ന് രാത്രിയിലാണ് ജനമധ്യത്തിലെ കൊലപാതകം നടന്നത്.  രാത്രി 10.30 ഓടെ ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ പ്രതിയും  ജീവനക്കാരനായ ഡൊമനിക്കും തമ്മിൽ ബില്ലിനെച്ചൊല്ലി തർക്കമുണ്ടായി.

മറ്റ് ജീവനക്കാരും ക്യാൻറീനിൽ ഉണ്ടായിരുന്നവരും ഇടപെട്ട് പ്രതിയെ പുറത്തേയ്ക്ക് മാറ്റി. പിടിവലിക്കിടെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അനിൽകുമാർ ഡൊമനിക്കിനെ കുത്തി. നെഞ്ചിലും വയറിലും ഇടത് തോളിലും പരിക്കേറ്റ ഡൊമനിക്കിനെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.