ദില്ലി: മുഖത്തടിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ 35കാരനെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. തെക്കുകിഴക്കന്‍ ദില്ലിയിലെ ജലസോലയിലാണ് സംഭവം. ജാമിയ നഗര്‍ സ്വദേശി റഷീദാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ പാല്‍വാല്‍ സ്വദേശിയായ തൗഫീക്കി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജലസോല ഒമാക്‌സ് സ്‌ക്വയര്‍ മാളില്‍ നിന്നും കാറില്‍ ഒരാള്‍ ബോധരഹിതനായി കിടക്കുന്നുവെന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് അബോധാവസ്ഥയിൽ കിടന്ന റഷീദിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ശേഷം മൃതദേഹത്തിൽ നടത്തിയ പരിശോധനയില്‍ ഇയാളുടെ തലയില്‍ നിന്നും വെടിയുണ്ട കണ്ടെടുക്കുകയായിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മരിക്കുന്നതിനു മുമ്പ് തൗഫീക്ക്, റഷീദിനൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ശേഷം തൗഫീക്ക് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  ചോദ്യം ചെയ്യലില്‍ തന്റെ മുഖത്തടിച്ച ദേഷ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിൽ മൊഴി നല്‍കി. കാറില്‍ വെച്ച് മദ്യപിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.