ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ സുഹൃത്തിനെ വെടിവച്ചശേഷം ഒളിവിൽപോയ പ്രതി എട്ട് മാസങ്ങൾക്ക് ശേഷം പിടിയിൽ. ചക്രപാണി സന്തോഷാണ് പൊലീസ് പിടിയിലായത്. തമിഴ്നാട്ടിലാണ് ഇയാൾ ഇത്രനാളും ഒളിവിൽ താമസിച്ചത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ചക്രപാണി സന്തോഷ് നാടൻതോക്ക് ഉപയോഗിച്ച് സുഹൃത്തായ ഉല്ലാസിനെ വെടിവച്ചത്.

നായാട്ട് സംഘത്തിൽപ്പെട്ട സുഹൃത്തുക്കൾ തമ്മിലുള്ള പണത്തെച്ചൊല്ലിയുള്ള തർക്കം അടിപിടിയിലും വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു. ഇരു തുടകളിലും വെടിയേറ്റ ഉല്ലാസ് ഇപ്പോഴും കിടപ്പിലാണ്. സംഭവശേഷം പ്രതി കാട്ടിലേക്ക് ഓടിമറഞ്ഞു. തെരച്ചിലിനിടെ പലകുറി മുന്നിൽപ്പെട്ടെങ്കിലും കാടിനെ നന്നായറിയുന്ന ചക്രപാണി, പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. 

ഇടയ്ക്ക് തമിഴ്നാട്ടിലും പോയി. ഒടുവിൽ വീണ്ടും നാട്ടിലിറങ്ങിപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. നായാട്ടടക്കം നിരവധി കേസുകളിൽ മുമ്പും പ്രതിയാണ് ചക്രപാണി സന്തോഷ്. കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.