ഒറ്റപ്പെട്ട ഇടങ്ങളില്‍ പാര്‍ക്ക് ചെയ്ത ചരക്ക് വാഹനങ്ങളില്‍ നിന്നാണ് ഹനീഫ ബാറ്ററി മോഷ്ടിച്ചിരുന്നത്. പിക്ക്അപ്പ് വാനുകള്‍ മുതല്‍ ലോറിയില്‍ നിന്ന് വരെ ഇത്തരത്തില്‍ ബാറ്ററികള്‍ മോഷണം പോയി

വിദുരനഗര്‍: ലോക്ക്ഡൗണിനിടെ തമിഴ്നാട്ടില്‍ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ചിരുന്ന ആള്‍ പിടിയില്‍. വിരുദുനഗര്‍ സ്വദേശി ഹനീഫയാണ് അറസ്റ്റിലായത്. നൂറിലധികം ചരക്കുവാഹനങ്ങളുടെ ബാറ്ററികള്‍ ഇയാള്‍ കവര്‍ന്നതായി പൊലീസ് കണ്ടെത്തി. ഒറ്റപ്പെട്ട ഇടങ്ങളില്‍ പാര്‍ക്ക് ചെയ്ത ചരക്ക് വാഹനങ്ങളില്‍ നിന്നാണ് ഹനീഫ ബാറ്ററി മോഷ്ടിച്ചിരുന്നത്.

പിക്ക്അപ്പ് വാനുകള്‍ മുതല്‍ ലോറിയില്‍ നിന്ന് വരെ ഇത്തരത്തില്‍ ബാറ്ററികള്‍ മോഷണം പോയി. വിരുദനഗറില്‍ ഹനീഫ നടത്തിയിരുന്ന മെക്കാനിക്കല്‍ വര്‍ക്ക് ഷോപ്പിലാണ് ബാറ്ററികള്‍ സൂക്ഷിച്ചിരുന്നത്. രാത്രിസമയത്തെ തുടര്‍ച്ചയായ മോഷണങ്ങള്‍ക്കിടെ ഇത്തവണ സിസിടിവിയില്‍ കുടുങ്ങുകയായിരുന്നു.

വിരുദുനഗറിന് സമീപം അദിപാട്ടിയിലെ ഇറച്ചിവില്‍പ്പന കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വനില്‍ നിന്നാണ് ബാറ്ററി മോഷ്ടിച്ചത്. രാത്രി ബൈക്കിലെത്തി ഹനീഫ ബാറ്ററി മോഷ്ടിക്കുന്നത് കടയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു.

ഇതോടെ ആഴ്ചകളായി പൊലീസിന് തലവേദന ആയിരുന്നു ബാറ്ററി മോഷ്ടാവ് പിടിയിലാവുകയായിരുന്നു. ഹനീഫയുടെ വര്‍ക്ക്ഷോപ്പില്‍ നിന്ന് നിരവധി വാഹനങ്ങളുടെ ബാറ്ററികള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

വൈദികന്‍റെ അശ്ലീലദൃശ്യങ്ങള്‍ പുറത്ത്; കടുത്ത നടപടിയുമായി സഭ