തിരുവനന്തപുരം: സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തി വന്ന കുപ്രസിദ്ധ മോഷ്ടാവും കഞ്ചാവ് വിതരണക്കാരനുമായ വിളപ്പിൽശാല കൊങ്ങപ്പള്ളി വള്ളിമംഗലം വീട്ടിൽ തത്ത ബിനു എന്ന ബിനു(38) പിടിയില്‍.  കാട്ടാക്കട എക്സൈസ് സംഘമാണ് ബിനുവിനെ പൊക്കിയത്. വിദ്യാർഥികളെ ഇടനിലക്കാരായി നിയോഗിച്ചാണ് ബിനു കഞ്ചാവ് വിൽപന നടത്തിയിരുന്നത്.

ഇയാളുടെ കയ്യില്‍ നിന്നും 1.1 കിലോ കഞ്ചാവും പിടികൂടി. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് തത്ത ബിനു വിൽപന നടത്തി വരികയായിരുന്നു. സ്കൂൾ വിദ്യാർഥികളെയും യുവാക്കളെയും ആണ് ഇതിന് ഇടനിലക്കാരായി നിയോഗിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു.  

രഹസ്യ വിവരത്തെ തുടർന്ന് വിളപ്പിൽശാലയിൽ നിന്നാണ് കഞ്ചാവുമായി ബിനുവിനെ എക്സൈസ് സംഘം പൊക്കിയത്.  മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ബിനു. ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. എക്സൈസ് ഇൻസ്പെക്ടർ ബി.ആർ.സ്വരൂപ്, പ്രിവന്റീവ് ഓഫിസർമാരായ ലോറൻസ്, ശിശുപാലൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹർഷ കുമാർ, റജി, അബ്ദുൽ നിയാസ്, ലിജി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.