ഓരോ തവണ തട്ടിപ്പ് നടത്തിയതിന് ശേഷവും ഇയാള്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റിയിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്‍ഡോര്‍: സൈനിക വേഷം ധരിച്ചെത്തി ആളുകളെ പറ്റിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. മധ്യപ്രദേശിലെ അശോക് നഗറിലെ ഷുബ്കാന്ത് ചാത്തുര്‍വേദി (25) എന്ന യുവാവാണ് അറസ്റ്റിലായത്. മേജര്‍ വിഹാന്‍ സിംഗ് ഷെര്‍ഗില്‍ എന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈയടുത്ത് ഇറങ്ങിയ ചിത്രം ഉറിയിലെ പ്രധാന കഥാപാത്രമാണ് മേജര്‍ വിഹാന്‍ സിംഗ് ഷെര്‍ഗില്‍. 

സൈന്യത്തില്‍ ചേരാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്ന ഷുബ്കാന്ത് ചാത്തുര്‍വേദി അതിനായി പരീക്ഷ എഴുതിയിരുന്നെങ്കില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക വേഷത്തില്‍ യുവാവ് ആള്‍മാറാട്ടം നടത്താന്‍ ആരംഭിച്ചത്. സൈന്യം ലേലത്തിന് വില്‍ക്കുന്ന കാര്‍ ചെറിയ വിലയ്ക്ക് വാങ്ങിതരാമെന്ന് പറഞ്ഞ് ആനന്ദ് ത്രിവേദി എന്ന യുവാവിന്‍റെ കയ്യില്‍ നിന്നും പണം തട്ടിയെടുത്തിരുന്നു. ആനന്ദിന്‍റെ കയ്യില്‍ നിന്ന് 34,700 രൂ തട്ടിയെടുത്തതിന് ശേഷം ഇയാളെ കാണാതാകുകയായിരുന്നു. സ്ത്രീകളുടെ കയ്യില്‍ നിന്നും സമാനമായ രീതിയില്‍ ഇയാള്‍ പണം തട്ടിയെടുത്തിരുന്നു. ഓരോ തവണ തട്ടിപ്പ് നടത്തിയതിന് ശേഷവും ഇയാള്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റിയിരുന്നതായും പൊലീസ് പറഞ്ഞു.