നാല് ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്.

കാസർകോട്: കാസർകോട് ഉപ്പളയിൽ കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ നടത്തിയ ആളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദ് (36) ആണ് പിടിയിലായത്. ഇയാൾ വ്യാജ ചികിത്സ നടത്തുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പ് വ്യാജ ചികിത്സ നടത്തുന്നയാൾക്കെതിരെ പരാതി നൽകുകയായിരുന്നു.

നാല് ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്. ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന കുടുസുമുറിയില്‍ നടക്കുന്ന വ്യാജ ചികിത്സയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിർദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദ് വ്യാജ ചികിത്സ നടത്തിയതായി കണ്ടെത്തി. മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരാതിയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി വിനീത പ്രസാദിനെ അറസ്റ്റ് ചെയ്തു. കൊവിഡിന് യുപി മോഡൽ ചികിത്സ എന്ന് ഉപ്പളയിൽ ബാനർ സ്ഥാപിച്ചായിരുന്നു രോഗികളെ ആകർഷിച്ചിരുന്നത്. നാല് ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുമെന്ന് പറഞ്ഞായിരുന്നു ചികിത്സ. ഐടിഐ മാത്രം പാസായ ആളാണ് പിടിയിലായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona