തൃശൂര്‍: തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ റേഡിയോളജി വിദ്യാർത്ഥിയോട് മുൻ വൈരാഗ്യം വെച്ച് മോശമായി പെരുമാറിയ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശിയായ മനു തങ്കച്ചനാണ് വടക്കാഞ്ചേരി പൊലീസിന്‍റെ പിടിയിൽ ആയത്. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിദ്യാര്‍ത്ഥിനിക്കൊപ്പം മുൻപ് സഹപാടിയായിരുന്നു മനു. പെണ്‍കുട്ടിയെ കാണാൻ ഇയാൾ മെഡിക്കൽ കോളേജിൽ വന്നിരുന്നു. തുടര്‍ന്ന് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് മോശമായി പെരുമാറിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞ നാലു വർഷമായി ഗൾഫിലായിരുന്നു. അതിന് ശേഷം ബെംഗളൂരുവിലെത്തി.

പ്രതി കാഞ്ഞിരമറ്റത്തുള്ള വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എസ്ഐ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ മേൽ പറഞ്ഞ യുവതിയെ പോണിലൂടെ ഭീഷണിപ്പെടുത്തിയതിനും കേസ് നിലനിൽക്കുന്നുണ്ട്. കോട്ടയം കറുകച്ചാൽ സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്  ചെയ്തു.