ഓണ നാളുകളിലെ അവധി ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പൊലീസ് പിടിയിലായത്. 

കരുനാഗപ്പള്ളി: വീട്ടില്‍ നടത്തിവന്ന അനധികൃത മദ്യശാലയില്‍ നിന്നും വന്‍ വിദേശമദ്യ ശേഖരം പിടികൂടി. കരുനാഗപ്പള്ളി പൊലീസ് നടത്തിയ റെയ്ഡിലാണ് നിരവധി അബ്കാരി കേസിലെ പ്രതിയായ ഓമനക്കുട്ടന്‍ പിടിയിലായത്.

ഓണ നാളുകളിലെ അവധി ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 250 കുപ്പി വിദേശ മദ്യവുമായാണ് കൊല്ലം തഴവ സ്വദേശി ഓമനക്കുട്ടന്‍ പൊലീസ് പിടിയിലായത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും വിവിധ ഘട്ടങ്ങളിലായി ശേഖരിച്ച് വീടിന്റയുള്ളില്‍ ചാക്ക് കെട്ടുകളിലായി സൂക്ഷിച്ചിരുന്ന 135 ലിറ്റര്‍ വിദേശമദ്യമാണ് പിടിച്ചെടുത്തത്.

തിരുവോണ ദിവസം വൈകിട്ട് 6.50 ഓടെ കരുനാഗപ്പള്ളി സിഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എസ്‌ഐമാരായ അലോഷ്യസ്, ജോണ്‍സ് രാജ്, എസ് ഐ അഫ്‌സല്‍, സിപിഒ മാരായ അനില്‍കുമാര്‍, വിഗ്‌നേഷ്, ഹരിദാസ്, ഹരികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. ഓണക്കാലത്ത് അനധികൃത മദ്യവില്‍പ്പന തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനയും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona