തൃശ്ശൂര്‍: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാര്‍ വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കിഴക്ക് ചാഴുവീട്ടില്‍ ജയപ്രകാശനെയാണ് (പ്രകാശന്‍- 42) വലപ്പാട് പൊലീസ് പിടികൂടിയത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ജയപ്രകാശ് ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. 

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജയപ്രകാശനോടൊപ്പം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്  വലപ്പാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സുമേഷ്, എസ്.ഐ.  വി.പി.അരിസ്റ്റോട്ടില്‍, എ.എസ്.ഐ.മാരായ ജയന്‍, സിജുകുമാര്‍, സി.പി.ഒ.മാരായ രാഗേഷ്, ഉമേഷ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.  കോടതിയില്‍  ഹാജരാക്കിയ ജയപ്രകാശിനെ റിമാന്‍ഡ് ചെയ്തു.