മുംബൈ: ബിയർ വാങ്ങി നൽകാൻ വിസമ്മതിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ മുപ്പത്തി ആറുകാരൻ അറസ്റ്റിൽ. മുംബൈയിലെ സബർ‌ബൻ ‌ജോഗേശ്വരിയിലാണ് സംഭവം. അജയ് കുപ്പു സ്വാമി എന്ന ഇരുപത്തൊമ്പതുാകാരനാണ് കൊല്ലപ്പെട്ടത്. സോനു എന്ന് വിളിക്കുന്ന ഷൺമുഖം രാജേന്ദ്രയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അന്നേദിവസം രാവിലെ സോനു, അജയിയോട് ഒരു കുപ്പി ബിയർ വാങ്ങികൊണ്ടുവരാൻ പറഞ്ഞു. എന്നാൽ ഈ ആവശ്യം അജയ് നിരസിക്കുകയായിരുന്നു. പിന്നാലെ രാത്രിയിൽ അജയിയും സഹോദരനും പ്രതിയും കൂടി നടക്കാൻ ഇറങ്ങി. 

ഇതിനിടയിൽ എന്തുകൊണ്ടാണ് തനിക്ക് ബിയർ വാങ്ങി നൽകാത്തതെന്ന് സോനു ചോദിച്ചു. ഇത് സംബന്ധിച്ച സംസാരം വാക്കുത്തർക്കത്തിലേക്ക് നയിക്കുകയും കുപിതനായ സോനു സുഹൃത്തിനെ കത്തി ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അജയ് മരിച്ചുവെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. കൊലയ്ക്ക് പിന്നാലെ സോനു രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.