മലപ്പുറം: സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടത്ത് യുവാവ് അറസ്റ്റിലായി. രാജസ്ഥാനിലെ സിംകാര്‍ഡുപയോഗിച്ചാണ് മലപ്പുറം താനൂര്‍ സ്വദേശിയായ റിജാസ് അശ്ലീല വീഡിയോകള്‍ അയച്ചത്.

ത്രിതല പഞ്ചയാത്ത് ജനപ്രതിനിധികൾ, അയൽക്കൂട്ടം ഭാരവാഹികൾ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശ്ലീല വീഡിയോകൾ എത്തിയിരുന്നു. എടക്കര, പോത്ത്കല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര എന്നിങ്ങനെ വിവിധ പഞ്ചായത്തുകളിലെ സ്ത്രീകള്‍ക്ക് വാടസ്ആപ്പിലൂടെ വീഡിയോ അശ്ലീല വീഡിയോകള്‍ ലഭിച്ചെന്നാണ് പരാതി.

പല പൊലീസ് സ്റ്റേഷനുകളിലായി ഇത്തരം പരാതികള്‍ എത്തിയതോടെ കേസന്വേഷിക്കാൻ മലപ്പുറം എസ്‍പി പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപെടുത്തുകയായിരുന്നു. പെരിന്തല്‍മണ്ണ എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിലാണ് പ്രതി താനൂര്‍ സ്വദേശി റിജാസാണെന്ന് മനസിലായത്.

വഴിയോരത്ത് തുണിക്കച്ചവടം നടത്തി വന്നിരുന്ന റിജാസ് ബെബ്സൈറ്റില്‍ നിന്നാണ് വനിത ജനപ്രതിനിധികളുടേയും അയല്‍ക്കൂട്ടം ഭാരവാഹികളുടേയും നമ്പറുകള്‍ എടുത്തിരുന്നത്. തിരൂരില്‍ നിന്ന് കളഞ്ഞു കിട്ടിയ രാജസ്ഥാൻ സിംകാര്‍ഡ് ഉപയോഗിച്ചയാരുന്നു പ്രതി കുറ്റകൃത്യം ചെയ്തിരുന്നത്. വീഡിയോ അയക്കാനല്ലാതെ ഈ നമ്പറില്‍ നിന്ന് കോളുകള്‍ വിളിക്കാതിരിക്കാനും പ്രതി ശ്രദ്ധിച്ചിരുന്നു.ഇതു കാരണം കൊണ്ട് പ്രതിയെ കണ്ടെത്താൻ പൊലീസിന് ഏറെ പണിപെടേണ്ടിവന്നു.