നേക്പൂര്‍ (ഉത്തര്‍ പ്രദേശ്): ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണ്‍കുട്ടിയാണോയെന്നറിയാനുള്ള പിതാവിന്‍റെ ക്രൂരതയ്ക്ക് ഒടുവില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. അരിവാളുപയോഗിച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് കീറിയാണ് ഭര്‍ത്താവ് ലിംഗപരിശോധന നടത്തിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച മുപ്പത്തഞ്ചുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പിറക്കാനിരുന്ന ആണ്‍കുഞ്ഞിനെ രക്ഷിക്കാനായില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

ശനിയാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത ഭര്‍ത്താവ് ചെയ്തത്. അഞ്ച് പെണ്‍മക്കള്‍ ശേഷം ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാണോയെന്ന് അറിയാനുള്ള ശ്രമങ്ങളിലായിരുന്നു ഇയാള്‍. ഉത്തര്‍പ്രദേശിലെ നേക്പൂരിലായിരുന്നു അതിക്രമം. പന്നാലാല്‍ എന്നയാളാണ് മുപ്പത്തിയഞ്ചുകാരിയായ ഭാര്യയുടെ വയറ് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കീറിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍ സിംഗ് ചൌഹാന്‍ എന്‍ഡി ടിവിയോട് പറഞ്ഞു.

കേസില്‍ അന്വേഷണം നടക്കുകയാണ്. അക്രമത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രവീണ്‍ സിംഗ് ചൌഹാന്‍ വ്യക്തമാക്കി. മകനെ വേണമെന്ന് അടിക്കടി പന്നാലാല്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പ്രതികരിക്കുന്നു. യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇവരെ ആശുപത്രിയിലാക്കിയത്.