പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് യുവാവിനെ പത്തനംതിട്ട റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മന്ദിരംപടിയിൽ വാടകക്ക് താമസിക്കുന്ന ഉതിമൂട് സ്വദേശി വിഷ്ണു(20) ആണ് പിടിയിലായത്.

ജില്ലാ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. ഇന്‍റർനെറ്റിൽ പതിവായി കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും ഡൗൺലോഡ് ചെയ്ത് വാട്സ് ആപിലൂടെ ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും അഞ്ച് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്. ഇയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും ഇയാളുടെ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്തു. ഇത്തരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും നിരന്തരം ഇവ കാണുന്നവര്‍ പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.