തിരുവനന്തപുരം: തിരുവനന്തപുരത്ത് കടയുടെ അകത്ത് കിടന്ന വയോധികയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി പിടിയിൽ. കല്ലാറ്റുമുക്ക് സ്വദേശി സൈദാലിയാണ് പിടിയിലായത്.

ഇന്നലെ ഉച്ചക്ക് കടയിൽ കിടന്നുറങ്ങുമ്പോഴാണ് എൺപതുകാരിയായ രാജമ്മയുടെ മാല പ്രതി പിടിച്ചുപറിച്ചത്. സ്കൂട്ടറിൽ എത്തിയ സൈദാലി കടയിലേക്ക് കയറിവന്ന് തൊട്ടുത്ത കടയിൽ ആളുണ്ടോ എന്ന് ചോദിച്ച ശേഷം പെട്ടന്ന് കഴുത്തിൽ കിടന്ന മൂന്ന് പവന്റെ മാല പൊട്ടിക്കുകയായിരുന്നു. സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സൈദാലിയെ തിരിച്ചറിഞ്ഞത്. പിന്നാലെ ഷാഡോ സംഘത്തിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ പിടകൂടി.

പ്രതിയുടെ പക്കൽ നിന്നും മാലയുടെ ഭാഗം കണ്ടെടുത്തിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ സെയ്‌ദാലിക്കെതിരെ വലിയതുറയിലും ഫോർട്ട്‌ പൊലീസ് സ്റ്റേഷനിലും മോഷണ കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് വൃദ്ധരുടെ മാല പൊട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.