തിരൂർ: മലപ്പുറത്തെ തിരൂരും പരിസരങ്ങളിലും രാത്രികാലത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവാകുന്നു. കഴി‍ഞ്ഞ ദിവസം ഹോട്ടലുടമയെ കത്തി കാണിച്ച് ഭീഷണപ്പെടുത്തി പണം തട്ടിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അസറുദ്ദീനടക്കമുള്ള രണ്ടംഗ സംഘം തിരൂര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്നും പണം തട്ടിയത്. ഹോട്ടലിലെത്തിയ സംഘം ജീവനക്കാരില്‍ നിന്ന് പണം തട്ടിപ്പറിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച തൊഴിലാളികളെ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പണവുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മുഹമ്മദ് അസറുദ്ദീനെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി.

രാത്രികാലത്ത് സമാനമായ പല സംഭവങ്ങളും തിരൂരും പരിസരപ്രദേശങ്ങളിലും ഉണ്ടായതായി നാട്ടുകാർ പറയുന്നു. തട്ടുകടകളിലും  പൂക്കച്ചവടക്കാരെയുമൊക്കെ ഭീഷണിപ്പെടുത്തി പണം തട്ടിയ നിരവധി സംഭവങ്ങളുണ്ടായിട്ടും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇതോടെ മാഫിയ സംഘം മദ്യത്തിന്‍റേയും കഞ്ചാവിന്‍റേയും ലഹരിയില്‍ രാത്രികാലത്ത് ഭീഷണിപ്പെടുത്തലും പണം തട്ടലും പതിവാകുകയായിരുന്നു. ഇതിനിടയിലാണ് മുഹമ്മദ് അസറുദ്ദീൻ പൊലീസ് പിടിയിലാകുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.