തിരുവനന്തപുരം: മലപ്പുറം കുറ്റിപ്പുറത്ത് വെച്ച് ബൈക്ക് യാത്രികന്‍റെ മൂന്നരലക്ഷം രൂപ കവര്‍ന്നയാള്‍ തമ്പാനൂരില്‍ പിടിയിലായി. പൂന്തുറ മാണിക്കവിളാകം ആശാ മന്‍സിലില്‍  സല്‍മാന്‍ ആണ് പിടിയിലായത്. തമ്പാനൂര്‍ കെഎസ് ആര്‍ടിസി ബസ് ടെര്‍മിനലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. 

കുറ്റിപ്പുറത്തെ പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദീന്‍റെ പണമാണ് ഇയാള്‍ കവര്‍ന്നത്. 2018 ലായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശിഹാബുദീനോട് ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം സല്‍മാന്‍ ബാഗിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു. 

തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റിപ്പുറം സംഭവത്തെക്കുറിച്ച് ഇയാള്‍  പൊലീസിനോട്  വെളിപ്പെടുത്തിയത്.