മാന്‍ഡ്രിഡ്: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ അവര്‍ അറിയാതെ പകര്‍ത്തി സ്വന്തം സൈറ്റുണ്ടാക്കി പ്രദര്‍ശിപ്പിക്കുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. 53 വയസ്സുകാരനായ കൊളംബിയന്‍ സ്വദേശിയാണ് പൊലീസ് പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ക്യാമറ വഴിയാണ് ഇയാള്‍ സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയത്. വ്യക്തമായ ദൃശ്യങ്ങള്‍ കിട്ടാന്‍ വേണ്ടി ഇരകളെ ഇയാള്‍ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. സ്പെയിനിലാണ്  മധ്യവയസ്‌കന്‍റെ ഈ പരാക്രമം എല്ലാം നടന്നത്.

തങ്ങളുടെ ചില ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സൈറ്റ് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ പരാതികൊടുത്തതോടെയാണ് സംഭവം പുറത്ത് എത്തിയത്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സ്പെയിനിലെ മാന്‍ഡ്രിഡ് പൊലീസ് കുറച്ചു നാളായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെട്രോയില്‍ വച്ച് ഒരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇയാള്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു.

 ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് അറസ്റ്റിന്റെ വിവരം പൊലീസ് പരസ്യമാക്കിയത്. സ്ത്രീകളുടെ സ്വകാര്യതയ്ക്കു വലിയ ഭീഷണിയായിരുന്നയാള്‍ അറസ്റ്റില്‍ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.  പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെത്തിയ ലാപ്‌ടോപില്‍ ആയിരക്കണക്കിന് അശ്ലീലദൃശ്യങ്ങളുണ്ടായിരുന്നു. 

അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വന്തമായി ഒരു വെബ്‌സൈറ്റും ഇയാളുടെ പേരിലുണ്ട്. 3519 പേര്‍ ഇയാളുടെ അശ്ലീല വെബ്‌സൈറ്റിന്‍റെ സ്ഥിരം കാഴ്ചക്കാരായിരുന്നു. 238 വിഡിയോകള്‍ ഇയാള്‍ അശ്ലീല സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനനഗരിയിലെ മെട്രോ യാത്രക്കാരുടെ ദൃശ്യങ്ങളാണ് കൂടുതലും ഇയാള്‍ പകര്‍ത്തിയത്.