മലപ്പുറം: വിവാഹാലോചനയിലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ പ്രതി മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടിയിലായി. മേലാറ്റൂര്‍ സ്വദേശി മണവാളൻ റിയാസ് എന്ന മുഹമ്മദ് റിയാസാണ് പൊലീസിന്‍റെ പിടിയിലായത്.

അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെൺകുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മുഹമ്മദ് റിയാസ് പിടിയിലായത്. വിവാഹം ആലോചിച്ചശേഷം മൊബൈൽ ഫോണിലൂടെ സംസാരിച്ച് പെൺകുട്ടികളുമായി കൂടുതൽ അടുത്ത് ഇടപഴകുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയുമാണ് മുഹമ്മദ് റിയാസിന്‍റെ പതിവ്.

ആഭരണങ്ങള്‍ മാറ്റി പുതിയ ഫാഷനുള്ളത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാള്‍ പെൺകുട്ടികളെ കബളിപ്പിച്ചിരുന്നത്. പാവപെട്ട വീട്ടിലെ പെൺകുട്ടികളാണ് കൂടുതലും തട്ടിപ്പിന് ഇരകളായിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന നിര്‍ധന കുടുംബങ്ങളിലാണ് മുഹമ്മദ് റിയാസ് വിവാഹം ആലോചിച്ചു ചെല്ലാറുള്ളത്.

ഇത്തരത്തിൽ തട്ടിപ്പിലൂടെ കിട്ടിയ പണംകൊണ്ട് മേലാറ്റൂരിൽ ഒരു ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. രണ്ട് പെൺകുട്ടികളാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളതെങ്കിലും കൂടുതല്‍ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ് റിയാസിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പെരിന്തല്‍മണ്ണ പൊലീസ്.