പാര്‍സലുകളിലും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് മയക്കുമരുന്ന്  ബസ്, ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. 

കൊളത്തൂര്‍: മലപ്പുറം ജില്ലയില്‍ കോടികളുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എംഡി എം എയുമായാണ് ഇയാളെ കൊളത്തൂര്‍ പൊലീസ് പിടികൂടിയത്. എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ തദ്ദേശീയരായ ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ചില കണ്ണികളെ കുറിച്ച് പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തനിടുവിലാണ് ഇയാള്‍ വലയിലായത്. 

പടപ്പറമ്പ് ടൗണിന് സമീപത്തു നിന്നാണ് 140 ഗ്രാം എം ഡി എം എയുമായി പ്രതിയെ അറസ്റ്റു ചെയ്തത്. കര്‍ണാടകയിലെ കൊടുക്, വിരാജ്‌പേട്ട എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം താമസിച്ച് അവിടെയുള്ള ഏജന്റുമാര്‍ മുഖേന വാങ്ങുന്ന ഇത്തരം മയക്കുമരുന്ന് പ്രത്യേക കാരിയര്‍മാര്‍ മുഖേനയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാര്‍സലുകളിലും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുന്നത്. 

ചെറിയ പാക്കറ്റുകളിലായി അര ഗ്രാമിന് മൂവായിരം രൂപ മുതല്‍ വിലയിട്ടാണ് വില്‍പ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അതിമാരക മയക്കുമരുന്നായ എം ഡി എം എവിതരണ മാഫിയ ലക്ഷ്യം വെക്കുന്നത് യുവാക്കളെയാണ്. യുവാക്കളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.

 ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാര്‍, സിഐ മാരായ സി അലവി,സുനില്‍ പുളിക്കല്‍,എസ്‌ഐമാരായ ടികെ ഹരിദാസ്, എഎം യാസിര്‍, എഎസ്‌ഐ ബൈജു പൊലീസുകാരായ കെ വിനോദ്, ബിജു പളളിയാലില്‍, സുബ്രഹ്മണ്യന്‍,വിപിന്‍ചന്ദ്രന്‍, വിജേഷ്, വിജയന്‍ കപ്പൂര്‍, കെ എസ് രാകേഷ് എന്നിവരും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

Read More :  'എകെജി സെന്റർ ആക്രമണം നടത്തിയത് ജിതിൻ തന്നെ, സ്കൂട്ടർ എത്തിച്ച് നൽകിയത് സുഹൃത്തായ സ്ത്രീ'