Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ വീടിന്‍റെ അടുക്കളയില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍

കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പായ്ക്കിംഗ് കവറുകളും 2000 രൂപയും തൊണ്ടി വസ്തുക്കളായി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. 

man arrested with 2 kg marijuana in idukki
Author
Idukki, First Published Jan 31, 2020, 1:15 PM IST

ഇടുക്കി:  അടിമാലിയില്‍ വീടിന്‍റെ അടുക്കളയില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കന്‍ പിടിയില്‍.  വെള്ളിയാഴ്ച വെളുപ്പിന് അടിമാലി നാർ കോട്ടിക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സംഘം നടത്തിയ റെയ്ഡിൽ മന്നാങ്കണ്ടം വില്ലേജിലെ പടിക്കപ്പ് കരയിൽ താമസക്കാരനായ പുൽ പറമ്പിൽ വീട്ടിൽ ജോർജ് മാത്യു(43 ) ആണ്  കഞ്ചാവുമായി പിടിയിലായത്. ജോർജ് താമസിച്ചിരുന്ന വീടിന്റെ അടുക്കളയിൽ സ്ലാബിനടിയിലായി ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവാണ് നാർകോട്ടിക് എൻഫോഴ്സ്‌മെന്റ് സംഘം പരിശോധനയില്‍ കണ്ടെത്തി. 

കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന പായ്ക്കിംഗ് കവറുകളും 2000 രൂപയും തൊണ്ടി വസ്തുക്കളായി കസ്റ്റഡിയിലെടുത്തു. അടിമാലി  പടിക്കപ്പിലും ഇരുമ്പുപാലം മേഖലയിലും ജോര്‍ജ് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.തമിഴ്നാട്ടിലെ കമ്പത്ത് പോയി കിലോഗ്രാമിന് 15000 രൂപ നിരക്കിൽ കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് 5 ഗ്രാം വീതം കവറിലാക്കി 500 രൂപ നിരക്കിൽ ആയിരുന്നു വില്‍പ്പന. 

ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളമായി ജോർജിനെ എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു.  അഞ്ചു വർഷം മുൻപ് ആന്ധ്രപ്രദേശിലെ മുഞ്ചാമെട്ട് എന്ന സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തുന്നതിനിടയിൽ പിടിക്കപ്പെട്ട് മൂന്ന് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ജോര്‍ജ്. 

എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി എ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സാന്റി തോമസ്, മീരാൻ കെ എസ് , മാനുവൽ എൻ ജെ, ശരത് എസ് പി എന്നിവർ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios