ബന്ധുവിന്റെ കൈയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക് മറിച്ച് വിൽക്കുന്നതിനായി കുമളിക്ക് കൊണ്ടുപോവുകയായിരുന്നു പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. (പ്രതീകാത്മക ചിത്രം)

കട്ടപ്പന: ഇടുക്കിയില്‍ ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ ഒരാളെ വനം വകുപ്പ് പിടികൂടി. കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് അറസ്റ്റിലായത്. വള്ളക്കടവില്‍ നിന്നാണ് വില്‍ക്കാനായി കൊണ്ടുവന്ന ആനക്കൊമ്പുമായി അരുണിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൊക്കിയത്. ടിപ്പർ ഡ്രൈവർ ആണ് പിടിയിലായ അരുണ്‍.

ബന്ധുവിന്റെ കൈയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക് മറിച്ച് വിൽക്കുന്നതിനായി കുമളിക്ക് കൊണ്ടുപോവുകയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച്ച രാവിലെയാണ് ഫ്ലൈയിംഗ് സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. ആനക്കൊമ്പ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ആനക്കൊമ്പിന് എട്ടു കിലോ നാനൂറു ഗ്രാം തൂക്കവും 124 സെ.മീ നീളവുമുണ്ട്.

വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് ആനകൊമ്പ് മറ്റൊരു സംഘത്തിന് കൈമാറാൻ കാറിൽ കാത്ത് നിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്. ആദ്യം കച്ചവടം ഉറപ്പിച്ച ആളില്‍ നിന്നും 2.5 ലക്ഷം രൂപ അരുണ്‍ ആനക്കൊമ്പിന് അഡ്വാൻസായി വാങ്ങിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അരുണിനെ ഫ്ലൈയിംഗ് സ്ക്വാഡ് കട്ടപ്പന റേഞ്ച് ഓഫീസിലേയ്ക്ക് കൂടുതൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. 

Read More : കൂട്ടിരിപ്പുകാരായി എലികളുണ്ടല്ലോ..! സര്‍ക്കാര്‍ ആശുപത്രി വാര്‍ഡില്‍ തലങ്ങും വിലങ്ങും പാഞ്ഞ് എലികള്‍, പ്രതിഷേധം

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ആനക്കൊമ്പ് നല്‍കിയത്, ആര്‍ക്കാണ് വില്‍പ്പന നടത്തിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒളിവിൽ പോയ മൂന്നു പ്രതികൾക്കായുള്ള അന്വേഷണം വനം വകുപ്പ് ആരംഭിച്ചു. പ്രതികളിൽ ഒരാളായ ജയ്മോനെ പിടികൂടിയെങ്കിൽ മാത്രമേ ആനക്കൊമ്പ് എവിടെ നിന്നാണ് കിട്ടിയതെന്നതു സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ അരുണിനെ നാളെ കോടതിയിൽ ഹാജരാക്കും.