ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ കിടക്കുന്ന വാര്‍ഡിനുള്ളിലൂടെയാണ് വലിപ്പമേറിയ എലികള്‍ തലങ്ങും വിലങ്ങും പായുന്നത്

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയുടെ വാര്‍ഡിനുള്ളില്‍ എലികള്‍ തലങ്ങും വിലങ്ങും പായുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍. ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമൊക്കെ കിടക്കുന്ന വാര്‍ഡിനുള്ളിലൂടെയാണ് വലിപ്പമേറിയ എലികള്‍ തലങ്ങും വിലങ്ങും പായുന്നത്. എലികളുടെ പാച്ചില്‍ മൊബൈലില്‍ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ സംഭവത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

കൊവിഡിന്‍റെയും പകര്‍ച്ചപ്പനികളുടെയും കാലത്ത് ആശുപത്രി വാര്‍ഡിനുള്ളില്‍ തന്നെ എലികള്‍ പാഞ്ഞ് നടക്കുന്നത് മറ്റ് സുഖങ്ങള്‍ക്ക് വഴിയൊരുക്കുമോയെന്ന ആശങ്കയാണ് ചികിത്സ തേടിയെത്തുന്ന രോഗികള്‍ പങ്കുവയ്ക്കുന്നത്. ആദിവാസി മേഖലകളില്‍ നിന്നും തോട്ടം മേഖലകളില്‍ നിന്നുമൊക്കെ ദിവസവും നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി.

ഇതിന് മുമ്പും അടിമാലി താലൂക്ക് ആശുപത്രിയില്‍ എലിശല്യം രൂക്ഷമാണെന്ന പരാതി ഉയരുകയും പ്രതിഷേധ സമരങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പാൻക്രിയാസ് ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറിനുള്ളിൽ മറന്നു വച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

ശസ്ത്രക്രിയാ ഉപകരണമായ ഫോർസെപ്സ് ആണ് വയറിനുള്ളിൽ മറന്നുവച്ചത്. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നൽകാം. ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണമെന്നും അല്ലാത്തപക്ഷം പത്തുശതമാനം പലിശ നൽകേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയ ശേഷം കമ്മീഷനെ അറിയിക്കണം. തൃശൂർ കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി. 2020 മെയ് 5 നാണ് ജോസഫ് പോളിന് തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടർന്ന് സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുക്കുകയായിരുന്നു. 

ആദിവാസി വയോധികയുടെ മൃതദേഹം 8 മണിക്കൂർ ആശുപത്രിയിൽ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു