വാഷിംഗ്ടണ്‍: അമേരിക്കയില്‍ യുവതിയെ ബീജം നിറച്ച സിറിഞ്ചുമായി ആക്രമിച്ചയാള്‍ പിടിയില്‍. മേരിലാന്‍റ് ചര്‍ച്ച്ടണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് സ്ത്രീയെ സിറിഞ്ച് ഉപയോഗിച്ച് ആക്രമിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടി. ബൈറോണ്‍ സ്റ്റെമന്‍ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. 

ദിവസങ്ങള്‍ക്ക് മുമ്പ്, സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സ്ത്രീയെ പിന്തുടര്‍ന്ന് സിറിഞ്ചുകൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു ഇയാള്‍. ഉടന്‍തന്നെ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ആക്രമണം നേരിട്ട സ്ത്രീയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

ഇയാളുടെ വീട്ടില്‍നിന്നും കാറില്‍നിന്നും നിരവധി സിറിഞ്ചുകള്‍ പൊലീസ് കണ്ടെടുത്തുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെയും സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ സമാനമായ ആക്രമണം നടത്തിയിരുന്നതായി പൊലീസിന് വ്യക്തമായി. എന്നാല്‍ സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.