തിങ്കളാഴ്ച വൈകിട്ടാണ് രണ്ടുമക്കൾക്കൊപ്പം ഇമ്രാൻ ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് നാലുമണിയോടെ ശുചീകരണ ജീവനക്കാർ മുറി വൃത്തിയാക്കാനെത്തി. എന്നാൽ, ഏറെനേരം വിളിച്ചിട്ടും ആരും മുറിയുടെ വാതിൽ തുറന്നില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാർ മറ്റൊരു മാർഗത്തിലൂടെ മുറിയുടെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു.
ബെംഗളൂരു: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
ബെംഗളൂരു നാഗവരയിൽ താമസിക്കുന്ന എസ്.ജി. ഇമ്രാൻ(40) എന്നയാളാണ് രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറത്ത് മരിക്കാൻ ശ്രമിച്ചത്. പത്തും അഞ്ചും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ടാണ് രണ്ടുമക്കൾക്കൊപ്പം ഇമ്രാൻ ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് നാലുമണിയോടെ ശുചീകരണ ജീവനക്കാർ മുറി വൃത്തിയാക്കാനെത്തി. എന്നാൽ, ഏറെനേരം വിളിച്ചിട്ടും ആരും മുറിയുടെ വാതിൽ തുറന്നില്ല. ഇതോടെ സംശയം തോന്നിയ ജീവനക്കാർ മറ്റൊരു മാർഗത്തിലൂടെ മുറിയുടെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ് ചോരയിൽ കുളിച്ചനിലയിൽ ഇമ്രാനെ കുളിമുറിയിലും കണ്ടെത്തി. ഗുരുതരപരിക്കേറ്റ ഇമ്രാനെ ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇമ്രാന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരുബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഇയാൾ മൊഴി നൽകി. ഇങ്ങനെയൊരു അമ്മയ്ക്കൊപ്പം തന്റെ മക്കൾ വളരാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


