ഭുവനേശ്വർ: ലേബർ റൂമിൽ കയറ്റി വിടാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ച് യുവാവ്. ഒഡീഷയിലെ എംകെസിജി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തിൽ ബിരുദ വിദ്യാർഥിയായ ഷക്കീൽ ഖാനാണ് ചെവിക്ക് പരിക്കേറ്റത്.

ഷക്കീലിന്റെ ചെവിക്ക് കടിച്ച് പരിക്കേൽപ്പിച്ച തരണി പ്രസാദ് മഹാപത്ര (32)യെ പൊലീസ് അറസ്റ്റ് ചെയ്തു. രോഗിക്കൊപ്പം വന്നവരിൽ ഒരാളാണ് അറസ്റ്റിലായ മഹാപാത്ര. ലേബർ റൂമിൽ ഒരു കാരണവശാലം കയറാൻ പാടില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇയാളോട് പറഞ്ഞിരുന്നു. ഷക്കീൽ ഖാൻ ആണ് ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. വീണ്ടും കയറാൻ പാടില്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ മഹാപാത്ര ക്ഷുഭിതനായി ഉപദ്രവിക്കുകയായിരുന്നുവെന്ന് ഷക്കീൽ ഖാൻ പറഞ്ഞു.

നിരവധി ഐപിസി വകുപ്പുകളും 2020ലെ പകർച്ച വ്യാധി നിരോധന നിയമവും പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബെർഹാംപുർ പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുക്കാൻ അനുമതി തേടുമെന്ന് പൊലീസ് വ്യക്തമാക്കി.