കാൺപൂര്‍: വഴക്കിനെ തുടര്‍ന്ന് 28 കാരന്‍ ഭാര്യയെയും അമ്മായിയമ്മയെയും അരിവാള്‍ കൊണ്ട് കൊലപ്പെടുത്തി. കാൺപൂരിലെ സര്‍ദാര്‍ കോത്ത്‌വാലി പൊലീസ് സ്റ്റേഷന്‍ ഏരിയയിലുള്ള ഹൗദപൂര്‍വയില്‍ സംഭവം. പിറ്റേദിവസം യുവാവ് കൊലയ്ക്ക് ഉപയോഗിച്ച അരിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് കൊലനടത്തിയത്. വിവാഹത്തിന് പിന്നാലെ വീട്ടിൽ ഉണ്ടായ നിരന്തരം വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവദിവസം യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി വഴക്കായി. തര്‍ക്കത്തിനിടെ അമ്മായിയമ്മ മകളെ പിന്തുണച്ച് രംഗത്തെത്തി. ഇതോടെ യുവാവ് കൂടുതല്‍ പ്രകോപിതനാവുകയായിരുന്നു.

തുടര്‍ന്ന് അരിവാളെടുത്ത് ഇയാള്‍ ഭാര്യയെയും അമ്മായിയമ്മയെയും തലയറുത്ത് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വീടിന് പിറകുവശത്ത് തള്ളി. പിറ്റേദിവസം ഇയാള്‍ അരിവാളുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.