കോയമ്പത്തൂര്‍: സ്വത്തുക്കളും പണവും സഹോദരിക്ക് നല്‍കി യുവാവും കുടുംബവും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് 70-കാരനായ പിതാവും മകനും മകളും ഉള്‍പ്പെടെയുള്ളവര്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.

ആത്മഹത്യയ്ക്ക് മുമ്പ് ഇളയ സഹോദരിയുടെ വീട്ടില്‍ എത്തിയ 37-കാരനായ ഗോപാലകൃഷ്ണന്‍ എന്ന യുവാവ് സ്വത്തുക്കള്‍ സഹോദരിയുടെ പേരിലാക്കിയതിന്‍റെ രേഖകളും 30,000 രൂപയും നല്‍കി മടങ്ങി. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപകരിക്കുമെന്ന് പറഞ്ഞാണ് യുവാവ് സഹോദരിക്ക് പണം നല്‍കിയത്. എന്നാല്‍ പണം പിന്നീട് ഇയാളുടെ സംസ്കാര ചടങ്ങുകള്‍ക്കായി തന്നെ വിനിയോഗിക്കുകയായിരുന്നു. 

സഹോദരിയെ സന്ദര്‍ശിച്ച് തിരികെ വീട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. പിന്നീട് ഇയാളുടെ പിതാവ് ദുരൈരാജും മൂത്ത സഹോദരി സെല്‍വിയും വിഷം കഴിച്ച് മരിക്കുകയായിരുന്നു.