ജയ്പൂര്‍: മകന്‍റെ മരണത്തിന് ഒരുമാസം തികയും മുമ്പ് അന്ധനായ പിതാവ് വിഷം കഴിച്ചുമരിച്ചു. രാജസ്ഥാനിലെ ഫല്‍സയില്‍ വ്യാഴാഴ്ച രാത്രിയാണ് ദലിത് വിഭാഗത്തില്‍പ്പെട്ട രത്തിരന്‍ ജാദവ് ആത്മഹത്യ ചെയ്തത്. മകന്‍റെ കൊലപാതകത്തില്‍ നീതി ലഭിക്കാത്തതിനാലാണ്  ജാദവ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

എന്നാല്‍ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ നിരന്തരമുള്ള ഭീഷണികള്‍ ഭയന്നാണ് രത്തിരന്‍ ജാദവ് വിഷം കഴിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സഹോദരന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും നീതി ലഭിച്ചില്ലെന്നും അതില്‍ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നും രത്തിരന്‍ ജാദവിന്‍റെ രണ്ടാമത്തെ മകന്‍ ദിനേശ് ജാദവ് ആരോപിച്ചു. 

ജൂലൈ 26-നാണ് രത്തിരന്‍ ജാദവിന്‍റെ മകന്‍ ഹരിഷ് ജാദവ് ഓടിച്ച ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റത്. ഇതില്‍ ക്ഷുഭിതരായ യുവതിയുടെ അയല്‍വാസികള്‍ ഹരിഷിനെ പിടികൂടി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 18 ന് യുവാവ് മരിച്ചു. ഹരിഷിന്‍റെ പിതാവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവത്തിലുള്‍പ്പെട്ടവരില്‍ ചിലരെ പിടികൂടിയിരുന്നു. എന്നാല്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഹരിഷ് ജാദവിനെതിരെ യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയില്‍ പൊലീസ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.