നാല് ദിവസം മുമ്പാണ് ഇയാൾ അവിടെ നിന്ന് തിരികെയെത്തിയത്. തിരികെ വന്നതിന് ശേഷം ഇയാൾക്ക് പനിയും ചുമയും അനുഭവപ്പെട്ടിരുന്നു. 

കർണാടക: കൊറോണ വൈറസ് രോ​ഗബാധ ഉണ്ടാകുമന്ന് ഭയപ്പെട്ട് കർണാടകയിൽ നാൽപതുകാരൻ ജീവനൊടുക്കി. കർണാടകയിലെ ​ഗ‍‍‍‍‍‍‍ഡ​ഗ് ജില്ലയിലെ ​ഗജേന്ദർ താലൂക്കിൽ കല്ലി​ഗാനുരു ​​ഗ്രാമത്തിലുള്ള ​ഗുരു സം​ഗപ്പ ജം​ഗനാവർ ആണ് മരിച്ചത്. കൂലിത്തൊഴിലാളിയായ ഇയാൾ മം​ഗളൂരുവിലാണ് ജോലിക്ക് പോയിക്കൊണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. നാല് ദിവസം മുമ്പാണ് ഇയാൾ അവിടെ നിന്ന് തിരികെയെത്തിയത്. തിരികെ വന്നതിന് ശേഷം ഇയാൾക്ക് പനിയും ചുമയും അനുഭവപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ല എന്നാണ് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചത്. 

എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ജം​ഗനാവർ തയ്യാറായില്ല. ​ഗ്രാമത്തിലെ പാതയോരത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ തിരികെ വീട്ടിലെത്താതിനെ തുടർന്ന് ഭാര്യ അയൽക്കാർക്കൊപ്പം അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ചതായി കണ്ടത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. കർണാടകയിൽ 110 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.