ഒരു മാസം ക്വാറി പൂട്ടിച്ച് അഞ്ച് മുട്ടകൾ, കണ്ടെത്തിയത് കൊമ്പൻ മൂങ്ങ കൂട്
കെട്ടിട നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുവായ മെറ്റലുകൾ എത്തുന്ന സജീവമായി പ്രവർത്തിക്കുന്ന ഒരു പാറമട ഒരു മാസത്തോളം പൂട്ടിയിടാൻ കാരണമായി അഞ്ച് കുഞ്ഞ് മുട്ടകൾ. അപൂർവയിനം മൂങ്ങയുടെ കൂടും മുട്ടകളും കണ്ടെത്തിയതിന് പിന്നാലെയാണ് ക്വാറി അടച്ചത്

പാറക്കെട്ടിൽ അസ്വസ്ഥയായി കൊമ്പൻ മൂങ്ങ
തെലങ്കാനയിലാണ് വിചിത്ര സംഭവം. സാധാരണ മട്ടിൽ ക്വാറി പ്രവർത്തിക്കുമ്പോൾ പാറക്കെട്ടിൽ നിന്ന് അസ്വസ്ഥയായി പുറത്ത് വന്ന് നോക്കുന്ന മൂങ്ങയെ ജോലിക്കാരും മേഖലയിൽ ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫറും കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം
ചുറ്റുപാടുമായി അസാധാരണ സമാനതയുളള പക്ഷി
പരിസരവുമായി അപാരമായ രീതിയിൽ ഇണങ്ങിച്ചേരാൻ സാധിക്കുന്നതാണ് കൊമ്പൻ മൂങ്ങയെ കണ്ടെത്തൽ ഏറെക്കുറെ അസാധ്യമാക്കുന്നത്. വലിയ കൊമ്പുകളോട് കൂടി കാണുന്ന ഈ മൂങ്ങകളെ ഇന്ത്യയിലെ പ്രാദേശിക മേഖലകളിൽ കാണപ്പെടുന്നവയാണ്. ചാര നിറത്തിൽ വെള്ളയും കറുപ്പും പാടുകളോട് കൂടിയവയാണ് കൊമ്പൻ മൂങ്ങ.
ഷെഡ്യൂൾ വണ്ണിലെ മൂങ്ങയ്ക്കായി ക്വാറി അടച്ച് ഉടമ
ഹൈദരബാദിന് സമീപത്തെ വികാരബാദിലെ യെനകാത്തലയിലെ ക്വാറിയാണ് അടച്ചിട്ടത്. വിവരം അറിയിച്ചപ്പോൾ ദിവസേന ഒന്നര ലക്ഷം രൂപയുടെ നഷ്ടം സഹിക്കാമെന്ന നിലപാടാണ് ക്വാറി ഉടമ സ്വീകരിച്ചത്. ലക്ഷ്മ റെഡ്ഡി എന്നയാളുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ നിന്നാണ് കൊമ്പൻ മൂങ്ങയുടെ മുട്ടകൾ കണ്ടെത്തിയത്. 35 ലക്ഷം രൂപയുടെ നഷ്ടമാണ് ക്വാറി ഉടമ നേരിടുന്നത്.
സംരക്ഷണവുമായി വനം വകുപ്പ്
ക്വാറി അടയ്ക്കുക മാത്രമല്ല മേഖലയിലേക്ക് ആളുകളെ കടത്തി വിടുക കൂടി നിരോധിച്ചാണ് വനം വകുപ്പ് ഇവയ്ക്ക് സംരക്ഷണമൊരുക്കിയത്.
കാത്തിരിപ്പിന്റെ എട്ട് ആഴ്ചകൾ
രണ്ട് ആഴ്ച പ്രായമുള്ള മുട്ടകളാണ് കണ്ടെത്തിയത്. 56 ദിവസമാണ് ഇവ വിരിയാനായി വേണ്ടി വരുന്നതെന്നാണ് വിലയിരുത്തുന്നത്.
കള്ളക്കടത്തുകാർ 40 ലക്ഷം വിലയിടുന്ന അപൂർവ്വ മൂങ്ങ
കരിഞ്ചന്തയിൽ ഒരു മൂങ്ങയ്ക്ക് 40 ലക്ഷം രൂപ വരെയാണ് കള്ളക്കടത്തുകാർ കൊമ്പൻ മൂങ്ങയ്ക്ക് ഈടാക്കുന്നത്. ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവ.
റോക്ക് ഈഗിൾ ഔൾ എന്ന കൊമ്പൻ മൂങ്ങ
റോക്ക് ഈഗിൾ ഔൾ എന്ന കൊമ്പൻ മൂങ്ങയ്ക്കായാണ് വൻ സാമ്പത്തിക നഷ്ടം ക്വാറി ഉടമ സഹിച്ചത്. ഷെഡ്യൂൾ 1 വിഭാഗത്തിൽ ഉൾപ്പെട്ട ഇവയെ കണ്ടെത്തുക വളരെ ചുരുക്കമാണ് അതിലും ദുഷ്കരമാണ് ഇവയുടെ കൂട് കണ്ടെത്തുകയെന്നത്. പാറയിടിക്കുന്നതിനിടെ കണ്ടെത്തിയ കൊമ്പൻ മൂങ്ങയുടെ മുട്ടകളാണ് തെലങ്കാനയിൽ ഒരു ക്വാറി ഒരു മാസത്തോളം അടച്ചിട്ടതിന് പിന്നിൽ.

