യുഎഇയിലെ 902 കോടിയുടെ ബ്ലൂചിപ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി രവീന്ദ്രനാഥ് സോണി ഡെറാഡൂണിൽ അറസ്റ്റിലായി. 18 മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ, ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതിനെ തുടർന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതിയായ രവീന്ദ്രനാഥ് സോണിയെ 18 മാസത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. രവീന്ദ്രനാഥ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. യുഎഇയിലെ ഏറ്റവും വലിയ അഴിമതികളിലൊന്നിന്‍റെ സൂത്രധാരനാണെന്നാണ് ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണിക്കെതിരെയുള്ള കുറ്റം.
ആരാണ് രവീന്ദ്ര നാഥ് സോണി?
ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്‍റെ ഉടമയും ഒരു വലിയ നിക്ഷേപ തട്ടിപ്പിലെ മുഖ്യ പ്രതിയുമായ 44 കാരനായ രവീന്ദ്രനാഥ് സോണി, രവീന്ദ്രനാഥ് തന്‍റെ കമ്പനി വഴി അസാധാരണമാം വിധം ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ വഞ്ചിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബർ ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ്, 18 മാസത്തേക്ക് കുറഞ്ഞത് 10,000 യുഎസ് ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 3 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം 36 ശതമാനമോ "ഗ്യാരണ്ടീഡ്" റിട്ടേൺ എന്നാണ് പരസ്യം നല്‍കിയത്.
തട്ടിയത് 902 കോടി രൂപ
ആദ്യമൊക്കെ കാര്യങ്ങൾ കൃത്യമായി നടന്നു. എന്നാല്‍ 2024 മാർച്ചിൽ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചു, പിന്നാലെ പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാതെയായി. ഇതോടെ ഇന്ത്യൻ പ്രവാസികൾ അടക്കമുള്ള നൂറുകണക്കിന് യുഎഇക്കാർക്ക് 100 മില്യൺ യുഎസ് ഡോളറിലധികം (902 കോടിയോളം രൂപ) നഷ്ടമായതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ചെക്കുകൾ മടങ്ങിത്തുടങ്ങിയതിന് പിന്നാലെ ബ്ലൂചിപ്പ് ഗ്രൂപ്പ് ഓഫീസ് ഒറ്റരാത്രികൊണ്ട് അടച്ചു. രവീന്ദ്രനാഥ് അടക്കമുള്ള ജീവനക്കാരെയും കാണാതായി.
കേസ്, അന്വേഷണം, അറസ്റ്റ്
ജനുവരി 5 ന് ദില്ലി നിവാസിയായ അബ്ദുൾ കരീം നൽകിയ പരാതിയെ തുടർന്നാണ് രവീന്ദ്രനാഥിന്‍റെ അറസ്റ്റ്. 1.6 മില്യൺ ദിർഹം ( ഏകദേശം 4 കോടി രൂപ ) നിക്ഷേപിക്കാൻ സോണി തന്നെയും ദുബായിൽ ജോലി ചെയ്യുന്ന മകൻ തൽഹയെയും പ്രേരിപ്പിച്ചതായി കരീം ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. പണം നിക്ഷേപിച്ചെങ്കിലും തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും രവീന്ദ്രനാഥിനെ കുറിച്ച് കഴിഞ്ഞ 18 മാസമായി വിവരമൊന്നുമില്ലായിരുന്നു. എന്നാല്‍ നവംബർ 30 -ന് ഡെറാഡൂണിൽ വെച്ചാണ് രവീന്ദ്രനാഥിനെ കാൺപൂർ പോലീസ് അറസ്റ്റ് ചെയ്യു. രവീന്ദ്രനാഥി തന്‍റെ ഒളിയിടത്തേക്ക് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതായിരുന്നു അറസ്റ്റിലേക്ക് നയിച്ചതെന്ന് കാണ്‍പൂർ പോലീസ് വ്യക്തമാക്കി. ഭക്ഷണ ഓർഡർ പിന്തുടർന്ന് രവീന്ദ്രനാഥിന്‍റെ ഒളിയിടം കണ്ടെത്തുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.


