മുംബൈ: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് സംഭവം. ഹരിസ് ഖാൻ(25) എന്നയാളുടെ പിറന്നാളാഘോഷമാണ് നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഹരിസിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. 25 കേക്കുകളാണ് ഇയാൾ മുറിച്ചത്.

ബാന്ദ്രയിലുള്ള ഹരിസിന്റെ വീടിന്റെ ടെറസിൽ വച്ചായിരുന്നു ആഘോഷം. ഇതിൽ 25 പേർ പങ്കെടുത്തതായും ആരും സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു. വാൾകൊണ്ടാണ് ഹരിസ് 25 കേക്കുകൾ മുറിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

ഐപിസി 188, 269, 34 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹാരിസിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ നിഖിൽ കപ്സെ പറഞ്ഞു.