കഴിഞ്ഞ ഒന്പതിന് പുലര്‍ച്ചെ കണ്ണന്പ്രയ്ക്കടുത്ത് ചേറും കോട് പാടത്താണ് അഭയനെന്ന മുപ്പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വടക്കഞ്ചേരി: കണ്ണന്പ്രയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പന്നിയെ പിടിക്കാനായി പ്രതികളൊരുക്കിയ കെണിയിലകപ്പെട്ടായിരുന്നു അഭയനെന്ന യുവാവ് മരിച്ചത്.

കഴിഞ്ഞ ഒന്പതിന് പുലര്‍ച്ചെ കണ്ണന്പ്രയ്ക്കടുത്ത് ചേറും കോട് പാടത്താണ് അഭയനെന്ന മുപ്പതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ് മാര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും പ്രദേശത്തുനിന്നും മറ്റ് തെളിവുകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പന്നിവേട്ടക്കാരിലേക്ക് എത്തിയത്. കണ്ണന്പ്ര സ്വദേശികളായ അരുണ്‍, പ്രതീഷ്, രാജേന്ദ്രന്‍, നിഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇലക്ട്രിക് കെണിയൊരുക്കിയത്. 

മോട്ടോര്‍ ഷെഡില്‍ നിന്നും അനധികൃതമായാണ് വൈദ്യുതി വലിച്ചത്. രാത്രിയില്‍ തവള പിടിക്കാനാനെത്തിയ അഭയന്‍ ഷോക്കേല്‍ക്കുകയായിരുന്നെന്ന് വടക്കഞ്ചേരി സിഐ പറഞ്ഞു. പിന്നാലെ പുലര്‍ച്ചെ ഇവിടെയെത്തിയ പ്രതികള്‍ അഭയന്‍ മരിച്ചുകിടക്കുന്നത് കണ്ടതോടെ വൈദ്യുതികെണിയൊരുക്കാനുള്ള സാധനങ്ങള്‍ നീക്കം ചെയ്തു. പ്രതികള്‍ നേരത്തെയും വൈദ്യുതികെണിയൊരുക്കി മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ട്. നാലുപേരെയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി