Asianet News MalayalamAsianet News Malayalam

ബിജെപി കേന്ദ്രനേതാക്കളുടെ അടുപ്പക്കാരനെന്ന് വിശ്വസിപ്പിച്ച് കോടികളുടെ തട്ടിപ്പ്; പ്രതി അറസ്റ്റില്‍

യുവരാജിന്റെ 47 അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ 75 ലക്ഷം രൂപ രാധിക കുമാരസ്വാമിക്ക് കൈമാറിയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് രാധികയെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
 

Man duped crores pretend friend of BJP central leaders
Author
Bengaluru, First Published Jan 9, 2021, 12:42 AM IST

ബെംഗളൂരു: ബെംഗളൂരുവില്‍ ബിജെപി കേന്ദ്ര നേതാക്കളുടെ അടുപ്പക്കാരനെന്ന് അവകാശപ്പെട്ട് മധ്യവയസ്‌കന്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്ത്. ശിവമോഗ സ്വദേശി യുവരാജാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്. ഇയാളുമായി സാമ്പത്തിക ഇടപാട് നടത്തിയ പ്രമുഖ നടി രാധിക കുമാരസ്വാമിയെ ഇന്ന് സിസിബി ചോദ്യം ചെയ്തു. കൂടുതല്‍ പ്രമുഖര്‍ കേസില്‍ വൈകാതെ പ്രതികളായേക്കും. 

ബിജെപി കേന്ദ്രമന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അടുപ്പക്കാരനെന്നും, പാര്‍ലമെന്റ് സീറ്റുകള്‍ മുതല്‍ ജോലിയും കരാറുകളും വരെ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞാണ് ശിവമോഗ സ്വദേശി യുവരാജ് എന്നറിയപ്പെട്ടിരുന്ന സേവലാല്‍ സ്വാമി പലരില്‍നിന്നായി കോടികള്‍ തട്ടിയെടുത്തത്. താന്‍ 35 വര്‍ഷമായി ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഒരുകോടി രൂപ തട്ടിച്ചെന്ന് കാട്ടി ബംഗളൂരുവിലെ വ്യവസായി നല്‍കിയ പരാതിയിലാണ് പൊലീസ് ഡിസംബറില്‍ യുവരാജിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലും മറ്റും നടത്തിയ പരിശോധനയില്‍ 2.1 കോടി രൂപയും നാല് ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു. ബംഗളൂരു നഗരത്തില്‍ മാത്രം 21 സ്ഥാപനങ്ങള്‍ ഇയാളുടേതായുണ്ടെന്നും കണ്ടെത്തി.

ഈ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 8.3 കോടി രൂപ തട്ടിച്ചെന്ന് കാട്ടി ബംഗളൂരു സ്വദേശിനിയായ യുവതിയും 30 ലക്ഷം രൂപ തട്ടിയെന്ന് കാട്ടി യുവാവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബംഗളൂരു സിസിബിയും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു.

യുവരാജിന്റെ 47 അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ 75 ലക്ഷം രൂപ രാധിക കുമാരസ്വാമിക്ക് കൈമാറിയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് രാധികയെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്ന് രാവിലെ സിസിബി ആസ്ഥാനത്ത് ഹാജരായ രാധിക കുമാരസ്വാമിയെ മണിക്കൂറോളമാണ് ചോദ്യം ചെയ്തതത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പണം കൈമാറിയതെന്നാണ് നിര്‍മാതാവ് കൂടിയായ രാധികയുടെ വിശദീകരണം. കേസില്‍ അന്വേഷണം സംസ്ഥാനത്തെ കൂടുതല്‍ പ്രമുഖരിലേക്ക് നീളുകയാണെന്നാണ് സിസിബി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
 

Follow Us:
Download App:
  • android
  • ios