മാവേലിക്കര: ഭാര്യാ പിതാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1,10, 000 രൂപ പിഴയും വിധിച്ച് കോടതി. നൂറനാട് ഇടക്കുന്നം ചരൂർ സന്തോഷ് കുമാറി(46)നാണ് മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് കെന്നത്ത് ജോർജ്ജ് ശിക്ഷ വിധിച്ചത്. 2011 നവംബർ രണ്ടിന് രാത്രി 8.15 ന് പടനിലം മുതുകാട്ടുകര ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ റോഡിൽവച്ചായിരുന്നു കൊലപാതകം. കെട്ടിട നിർമ്മാണ തൊഴിലാളിയായ നൂറനാട് നടുവിലെ മുറി രമ്യാലയത്തിൽ രാജൻ കുറുപ്പ് ആണ് കൊല്ലപ്പെട്ടത്.

സംഭവ ദിവസം ദാമ്പത്യ പ്രശ്നങ്ങൾ കാരണം മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന ഭാര്യ രമ്യയെ സന്തോഷ് ഇവരുടെ വീട്ടൽ എത്തി അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. വിവരം അറിഞ്ഞ് രമ്യയുടെ അച്ചൻ  രാജൻ കുറുപ്പ് ജോലി സ്ഥലത്തു നിന്നും വീട്ടിൽ എത്തി മകളെ ആശുപത്രിയിൽ എത്തിച്ചു. സാരമായ പരിക്കുകൾ ഇല്ലാതിരുന്ന മകളെ ബന്ധുക്കൾക്കൊപ്പം വീട്ടിലെക്ക് അയച്ച രാജൻ വിവരം അന്വേഷിക്കാനായി സുഹൃത്തുക്കൾക്കൊപ്പം സന്തോഷ് താമസിക്കുന്ന വീട്ടിൽ എത്തിയെങ്കിലും ഓട്ടോ ഡ്രൈവറായിരുന്ന സന്തോഷ് അവിടെ ഉണ്ടായിരുന്നില്ല. 

തുടർന്ന് രാജൻ കുറുപ്പും സുഹൃത്തുക്കളും സൈക്കിളിൽ വീട്ടിലേക്ക് മടങ്ങും വഴി മുതുകാട്ടുകര ക്ഷേത്രത്തിന് സമീപം ഓട്ടോയിൽ എത്തിയ സന്തോഷ് രാജനെ കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയുമായി അക്രമിക്കുകയായിരുന്നു. അക്രമണ ശേഷം റോഡിൽ വീണു കിടന്ന രാജൻ കുറുപ്പിനെ രക്ഷിക്കാനായി എത്തിയ സുഹൃത്തുക്കളെ സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

തുടർന്ന് നൂറനാട് പൊലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കൂടെയുള്ളവരെ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് ഒരു വർഷം തടവും 10000 രൂപ പിഴയും  മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് കെന്നത്ത് ജോർജ്ജ്  വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ഇ. നാസറുദീൻ, എസ്. സോളമൻ, പി. സന്തോഷ് എന്നിവർ ഹാജരായി.