കൊല്ലം: കൊല്ലം ചവറ കൊട്ടുകാട് തൈക്കാവിന് സമീപം ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. കൊട്ടുകാട് തൈക്കാവിന് സമീപം പിള്ള വീട്ടിൽ മോഹനൻ പിള്ളയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്  മോഹനൻ പിള്ളയുടെ ഭാര്യ സഹോദരന്‍ ഗോപാലകൃഷ്ണനാണ് വെട്ടിയത്. 

ഭാര്യാസഹോദരനായ ഗോപാലകൃഷ്ണ പിള്ളയുടെ കൊട്ടുകാടുള്ള വീട്ടിലായിരുന്നു കുറച്ചുദിവസങ്ങളായി മോഹനൻപിള്ളയും ഉഷാകുമാരിയും താമസം. രാവിലെ ഗോപാലകൃഷ്ണൻ വഴക്കിട്ടതിനെ തുടർന്ന് ജോലിക്കുപോയ മോഹനൻപിള്ളയെ ഉഷാകുമാരി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് സൂചന.

വീട്ടിലെത്തിയ മോഹനനും ഗോപാലകൃഷ്ണനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗോപാലകൃഷ്ണന്‍ മോഹനന്‍ പിള്ളയെ വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ മോഹനൻ പിള്ളയുടെ വെട്ടേറ്റ ഉഷാകുമാരിക്കും വെട്ടേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.