പ്രതി വിജിത്ത് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ മുൻപും ഇത്തരത്തിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ആരോപണം

ഇടുക്കി: യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ് പാമ്പാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. തുടർന്ന് ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ വാക്കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിന് നേരെ വെട്ടുകയായിരുന്നു.

ഗീതു കൈ കൊണ്ട് ആക്രമണം തടഞ്ഞപ്പോൾ കൈവിരലുകൾക്ക് പരിക്കേറ്റു. പ്രാണരക്ഷാർത്ഥം വീട്ടിൽ നിന്നും പുറത്തേക്ക് ഓടിയ ഗീതുവിനെ പ്രതി പിന്തുടർന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പ്രതിയിൽ നിന്ന് രക്ഷിച്ചത്. തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.

പ്രതി വിജിത്ത് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ മുൻപും ഇത്തരത്തിൽ സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് ആരോപണം. 2019 ൽ സമീപത്തെ ഒരു വീട്ടിൽ ഒളിഞ്ഞുനോക്കിയതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്