രോഗിയുടെ ഇടതുകാലിൽ ഗുരുതരമായ അണുബാധയുണ്ടാകുകയും രക്തചംക്രമണം തടസ്സപ്പെടുകയും ചെയ്തപ്പോൾ, ജീവൻ രക്ഷിക്കാനായി കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ പലതവണ നിർദ്ദേശിച്ചെങ്കിലും ബന്ധുക്കൾ അതിന് സമ്മതം നൽകിയില്ലെന്നും മാനേജ്‌മെന്റ്
റാഞ്ചി: റോഡ് അപകടത്തിൽ കാലൊടിഞ്ഞ് ചികിത്സ തേടിയെത്തിയ 18കാരന് ആശുപത്രിക്കാരുടെ ചികിത്സാ പിഴവിൽ ജീവൻ നഷ്ടമായി. ജാർഖണ്ഡിലെ റാഞ്ചിയിലുള്ള രാജ് ആശുപത്രിയിലാണ് ചികിത്സാ പിഴവിനേ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം സംഭവിച്ചത്. 18കാരന്റെ മരണത്തിന് പിന്നാലെ 16 ലക്ഷം രൂപയുടെ ബില്ലാണ് ആശുപത്രി 18കാരന്റെ ബന്ധുക്കൾക്ക് നൽകിയത്. ഇതോടെ ബന്ധുക്കളുടെ ക്ഷോഭം അണപൊട്ടി. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആശുപത്രിയിൽ നടന്നത്. 18 വയസുകാരനായ രാജു കുമാർ രഞ്ജൻ എന്ന യുവാവിന്റെ ബന്ധുക്കളാണ് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധവുമായി എത്തിയത്. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ രോഗിയുടെ നില വഷളാകുകയും തലച്ചോറിൽ അണുബാധയുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാർ ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. 40 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് മരണപ്പെടുന്നത്.
കാലിന് പരിക്കേറ്റ രോഗിക്ക് എങ്ങനെയാണ് തലച്ചോറിൽ അണുബാധയുണ്ടാകുന്നതെന്നും ഇത് ആശുപത്രി അധികൃതരുടെ ഗുരുതരമായ ചികിത്സാ പിഴവാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. രോഗിയുടെ നില അതീവ ഗുരുതരമായപ്പോൾ 16 ലക്ഷം രൂപയുടെ വൻ തുക ബില്ലായി നൽകിയ ശേഷം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. ഇതിൽ പ്രകോപിതരായ ബന്ധുക്കൾ ആശുപത്രിയിലെ ഡോക്ടർമാരെയും ജീവനക്കാരെയും തടഞ്ഞുവെച്ച് രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ ബന്ധുക്കളുടെ ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് രാജ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മെയ് 24നാണ് ഗുരുതരമായ റോഡപകടത്തെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം, നട്ടെല്ലിനും ശ്വാസകോശത്തിനും ഉണ്ടായ പരിക്കുകൾ, ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ ഒടിവുകൾ എന്നിവയടക്കം അതീവ ഗുരുതരാവസ്ഥയിലാണ് രോഗിയെ എത്തിച്ചതെന്നും വിദഗ്ധരായ ഡോക്ടർമാരുടെ സംഘം ഐസിയുവിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ചികിത്സ നൽകിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയുടെ ഇടതുകാലിൽ ഗുരുതരമായ അണുബാധയുണ്ടാകുകയും രക്തചംക്രമണം തടസ്സപ്പെടുകയും ചെയ്തപ്പോൾ, ജീവൻ രക്ഷിക്കാനായി കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ പലതവണ നിർദ്ദേശിച്ചെങ്കിലും ബന്ധുക്കൾ അതിന് സമ്മതം നൽകിയില്ലെന്നും മാനേജ്‌മെന്റ് അവകാശപ്പെടുന്നു. ബന്ധുക്കളുടെ ഈ പ്രതിഷേധം കാരണം മണിക്കൂറുകളോളം ആശുപത്രിയിലെ മറ്റ് ആരോഗ്യ സേവനങ്ങൾ തടസ്സപ്പെട്ടതായും അധികൃതർ കൂട്ടിച്ചേർക്കുന്നത്.


