ഗാസിയാബാദ്: ഗര്‍ഭിണിയായ ഭാര്യയെ കൊല്ലാന്‍ കവര്‍ച്ച ആസൂത്രണം ചെയ്ത ഭര്‍ത്താവ് പൊലീസ് പിടിയില്‍. ഭാര്യയുടെ സഹോദരിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിപ്പോന്ന ആസിഫ് ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കവര്‍ച്ചാ നാടകം ആസൂത്രണം ചെയ്തത്. ഗാസിയാബാദിലാണ് അതിനാടകീയമായ സംഭവങ്ങള്‍  അരങ്ങേറിയത്. 

കവര്‍ച്ചാ ശ്രമത്തിനിടെ ഇയാളുടെ 35 കാരിയായ ഭാര്യ സമ്രീന്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12നാണ് സംഭവം നടന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ 100 ലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് ഭാര്യയെക്കൊല്ലാന്‍ ആസിഫ് മൂന്ന് പേരെ ഏര്‍പ്പാടുചെയ്തിരുന്നതായി കണ്ടെത്തി.  

തനിക്ക് ഭാര്യാസഹോദരിയുമായി ബന്ധമുണ്ടായിരുന്നു. ഇതിനാലാണ് ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ഇയാളിപ്പോള്‍ ആശുപത്രിയിലാണ്. ഭാര്യ മരിക്കുന്നതോടെ തന്‍റെ മക്കളെ നോക്കാനെന്ന പേരില്‍ ഭാര്യാ സഹോദരിയെ ഒപ്പം നിര്‍ത്താനായിരുന്നു ഇയാളുടെ പദ്ധതി. 

ഭാര്യയ്ക്ക് വിഷം നല്‍കി കൊല്ലാന്‍ പ്രദേശത്തെ രണ്ട് വൈദ്യന്‍മാര്‍ക്ക് പണം നല്‍കിയിരുന്നെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് അവരാണ് ഭാര്യയെക്കൊല്ലാന്‍ ഒരാളെ പരിചയപ്പെടുത്തിയത്.